ഇടുക്കി: കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ വനത്തോട് ചേർന്നുള്ള തോട്ടം മേഖലകളിൽ രാത്രികാല യാത്രാനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വൈകിട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് പ്രദേശത്ത് സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ ഈ നടപടിക്കെതിരെ ഭരണമുന്നണിയായ എൽ.ഡി.എഫും ഇടത് കർഷക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണം. ഇതിന്റെ ഭാഗമായി മൂന്നാർ, ഉടുമ്പൻചോല, പീരുമേട് മേഖലകളിലെ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്ക് ഉത്തരവ് കർശനമായി നടപ്പിലാക്കാൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ജില്ലയിൽ രാഷ്ട്രീയ ഭിന്നതകളും മറനീക്കി പുറത്തുവന്നു. കളക്ടറുടെ നടപടി തികച്ചും ജനദ്രോഹപരമാണെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് കുറ്റപ്പെടുത്തി. എന്നാൽ, സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കളക്ടറുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണു രംഗത്തെത്തിയത് ശ്രദ്ധേയമായി.




+ There are no comments
Add yours