‘ആരോഗ്യവകുപ്പ് നന്നാക്കിയിട്ടേ പടിയിറങ്ങൂ’; 2500 കോടി കടമുണ്ടാക്കിയ പ്രതിപക്ഷത്തിന് വിമർശിക്കാൻ അർഹതയില്ലെന്ന് മന്ത്രി കെ. മുരളീധരൻ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ 18 ഇനം മരുന്നുകൾക്ക് മാത്രമാണ് കുറവുള്ളതെന്നും, ഒരാഴ്ചയ്ക്കുള്ളിൽ ഇവ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്ന് ക്ഷാമം ആരോപിച്ച് സർക്കാരിനെതിരെ രംഗത്തുവന്ന പ്രതിപക്ഷത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻപ് 2500 കോടി രൂപയുടെ കടം വരുത്തിവെച്ചവരാണ് ഇപ്പോൾ വിമർശനവുമായി വരുന്നത്. മരുന്നുകൾ വാങ്ങാൻ പണം ആവശ്യമാണ്. സാധാരണക്കാർക്ക് അവശ്യമരുന്നുകൾ ലഭ്യമാകുന്നില്ലെങ്കിൽ അത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ മതി, അടിയന്തരമായി പരിഹാരം കാണാമെന്നും മന്ത്രി ഉറപ്പുനൽകി.

കഴിഞ്ഞ പത്ത് വർഷമായി അഴിമതി നടത്തുന്ന ചില മരുന്ന് കമ്പനികളിൽ നിന്ന് ഇനി സർക്കാർ മരുന്ന് വാങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരും ഡോക്ടർമാരും ചില മരുന്ന് കമ്പനികളും തമ്മിൽ ‘പാമ്പൻ പാലത്തേക്കാൾ ദൃഢമായ’ ബന്ധമാണുള്ളത്. താൻ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം ഇത്തരം തട്ടിപ്പുകൾ അനുവദിക്കില്ല. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിർമ്മിക്കുന്ന ഈ കമ്പനികളാണ് സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് പൂർണ്ണമായും നന്നാക്കിയിട്ടേ താൻ പടിയിറങ്ങൂ എന്നും മന്ത്രി പ്രഖ്യാപിച്ചു.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) തലപ്പത്ത് നിലവിൽ ആളില്ലാത്തതിനെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. നേരത്തെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്ഥാനം ഏറ്റെടുക്കാത്തതാണ് ഇതിന് കാരണം. അനുയോജ്യനായ മറ്റൊരാളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

+ There are no comments

Add yours