അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം: സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്; മന്ത്രി ഒ.ജെ. ജനീഷിനെതിരെയും യുവമോർച്ചയുടെ കരിങ്കൊടി

Estimated read time 1 min read

കൊല്ലം/തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്. വി.വി.ഐ.പിക്ക് നൽകേണ്ട പൂർണ്ണ സുരക്ഷയും ഒരുക്കിയിരുന്നുവെന്നും വാഹന വ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രവർത്തകർ കരിങ്കൊടി കാണിച്ചെങ്കിലും സമയോചിതമായി ഇടപെട്ട് ഇവരെ മാറ്റാൻ കഴിഞ്ഞു. അതിനാൽ ബി.ജെ.പി നൽകിയ പരാതിയിൽ പ്രത്യേകം കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. സംഭവത്തിൽ നിലവിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ പറഞ്ഞു. വരും ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ തുടരുമെന്നും, ആവശ്യമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ, തിരുവനന്തപുരത്ത് മന്ത്രി ഒ.ജെ. ജനീഷിന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ബാലരാമപുരത്തും ആറാലുംമൂട്ടിലുമാണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്. നെയ്യാറ്റിൻകരയിൽ ബി.ജെ.പി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മന്ത്രി ജനീഷിന് പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.

+ There are no comments

Add yours