തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സീറ്റുകൾ നഷ്ടമായപ്പോൾ എൽ.ഡി.എഫിന് മുന്നേറ്റം. ആകെയുള്ള 38 സീറ്റുകളിൽ 19 ഇടത്ത് യു.ഡി.എഫും 18 ഇടത്ത് എൽ.ഡി.എഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി-20 തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തി.
മുമ്പ് ഈ 38 സീറ്റുകളിൽ 22 എണ്ണം യു.ഡി.എഫിന്റെയും 15 എണ്ണം എൽ.ഡി.എഫിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. എന്നാൽ പുതിയ ജനവിധി വന്നപ്പോൾ യു.ഡി.എഫിന്റെ അംഗബലം 22-ൽ നിന്ന് 19 ആയി കുറഞ്ഞു. അതേസമയം, മൂന്ന് സീറ്റുകൾ അധികം നേടി എൽ.ഡി.എഫ് നേട്ടമുണ്ടാക്കി. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിലും മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും രണ്ടാമതെത്താനായത് ബി.ജെ.പിക്ക് ആശ്വാസമായി.
കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകൾ യു.ഡി.എഫ് നിലനിർത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാർ ഡിവിഷൻ യു.ഡി.എഫും പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന ഡിവിഷൻ എൽ.ഡി.എഫും നിലനിർത്തിയപ്പോൾ, കോട്ടയം തൃക്കൊടിത്താനം ഡിവിഷൻ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തത് പ്രതിപക്ഷത്തിന് ക്ഷീണമായി.
നഗരസഭകളിൽ രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചിടത്തും എൽ.ഡി.എഫ് വിജയിച്ചപ്പോൾ യു.ഡി.എഫിന് രണ്ടിടത്ത് മാത്രമാണ് ജയിക്കാനായത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് യു.ഡി.എഫ് കൂടുതൽ നേട്ടമുണ്ടാക്കിയത്. പത്തനംതിട്ട ജില്ലയിലെ നാലിടത്തും യു.ഡി.എഫ് മികച്ച വിജയം സ്വന്തമാക്കി. മലപ്പുറത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ എറണാകുളത്ത് മുന്നണികൾ തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തി.




+ There are no comments
Add yours