തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ബഹളം ഒഴിവാക്കുന്നതിനായി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ പ്രത്യേക മൈക്ക് നൽകും. മൈക്കിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രമാകും ഇനിമുതൽ മുഖ്യമന്ത്രി മറുപടി നൽകുക. വാർത്താസമ്മേളനങ്ങളിലെ ക്ഷോഭപ്രകടനങ്ങൾ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ആലോചന. പി.ആർ.ഡിയുമായി (PRD) കൂടിയാലോചിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
മാധ്യമപ്രവർത്തകർ ഒന്നടങ്കം ചോദ്യങ്ങൾ ചോദിക്കുന്നത് വാർത്താസമ്മേളനങ്ങളിൽ വലിയ ബഹളത്തിന് കാരണമാകുന്നുണ്ട്. ശബ്ദബഹളം കാരണം ചോദ്യങ്ങൾ കേൾക്കാൻ സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സംവിധാനത്തിൽ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ കൂടി ക്യാമറയിൽ ചിത്രീകരിക്കുന്ന രീതിയും പരിഗണനയിലുണ്ട്. എന്നാൽ, സർക്കാരിന് അസുഖകരമായ ചോദ്യങ്ങൾ ഉയരുന്നത് തടയാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന വിമർശനവും ഇതിനോടകം ശക്തമായിട്ടുണ്ട്.
കോവിഡ് കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനങ്ങളിലും സമാനമായ രീതിയിൽ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ മൈക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയാണ് ഇപ്പോൾ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്.




+ There are no comments
Add yours