സിപിഐഎം വയനാട് ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറി കെ. റഫീഖിനെതിരെ വിമർശനം; തിരുവനന്തപുരത്ത് വി. ജോയി തുടരും

Estimated read time 0 min read

വയനാട്/തിരുവനന്തപുരം: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. റഫീഖിനെതിരെ രൂക്ഷവിമർശനം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ ഇടപെടലുകളും പ്രതികരണങ്ങളും അപക്വമാണെന്ന് യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവരെ തിരികെയെത്തിക്കാൻ അടിയന്തര നടപടികൾ വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ സംഘടനാ റിപ്പോർട്ടും, കെ. റഫീഖ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്, പി. രാജീവ്, സജി ചെറിയാൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജില്ലയിൽ നിന്നുള്ള 85 പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

അതേസമയം, തിരുവനന്തപുരത്ത് നടന്ന സിപിഐഎം വിശാല ജില്ലാ കമ്മിറ്റിയിൽ വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി തുടരും. എം.എൽ.എ കൂടിയായ വി. ജോയി സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെതിരെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. സെക്രട്ടേറിയറ്റിനെതിരായ വിമർശനങ്ങൾ കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിൽ മുതിർന്ന നേതാക്കൾ യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പുകളിലും ജില്ലാ സെക്രട്ടേറിയറ്റിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലും ശക്തമായ വിമർശനമുയർന്നു.

+ There are no comments

Add yours