മുട്ടിൽ മരംമുറി ഗൂഢാലോചന: അന്വേഷണം അട്ടിമറിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന് റിപ്പോർട്ട്

Estimated read time 1 min read

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ ഗൂഢാലോചന അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്ന് വിവരം. മരംമുറിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌.ഐ.ടി) നിർദേശം നൽകിയത് ഇദ്ദേഹമാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ എസ്‌.ഐ.ടി തലവനായിരുന്ന എ.ഡി.ജി.പി എസ്. ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നൽകി മാറ്റുകയും ചെയ്തു.

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ കേസുകൾ മാത്രമാണ് അന്വേഷണ സംഘം അന്വേഷിച്ചതും കുറ്റപത്രം സമർപ്പിച്ചതും. വനംവകുപ്പ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയവരെക്കുറിച്ച് എസ്‌.ഐ.ടി അന്വേഷണം നടത്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഈ ഉന്നതൻ, ഒരു ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ, കൽപ്പറ്റയിലെ അന്നത്തെ റേഞ്ച് ഓഫീസർ എന്നിവരുടെ പേരുകൾ ഉയർന്നുവന്നിട്ടും പൊലീസ് ഒരു ഘട്ടത്തിൽപ്പോലും ഇവർക്കെതിരെ അന്വേഷണം നടത്തിയില്ല. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് ഇതിന് കാരണമെന്നാണ് സൂചന.

ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബർ 24-ന് ഇറങ്ങിയ വിവാദ ഉത്തരവിന്റെ മറവിലാണ് വൻ മരംകൊള്ള നടന്നത്. വൻ പ്രതിഷേധത്തെ തുടർന്ന് 2021 ഫെബ്രുവരി നാലിന് ഈ ഉത്തരവ് പിൻവലിച്ചെങ്കിലും, അതിനിടെ സംസ്ഥാനത്തൊട്ടാകെ 2600-ലധികം മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. മുട്ടിലിൽ നിന്ന് മാത്രം 108 ഈട്ടിമരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. വിവാദ ഉത്തരവിന് പിന്നിലെ ഗൂഢാലോചനയിൽ അന്നത്തെ റവന്യൂ, വനം മന്ത്രിമാരുടെ ഓഫീസുകൾ ഇടപെട്ട് അന്വേഷണം മരവിപ്പിച്ചെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

+ There are no comments

Add yours