ഡല്‍ഹി സ്‌ഫോടനം: ഉമര്‍ നബിയുടെ സഹായി ആമിര്‍ റഷീദ് അലി പിടിയില്‍

Estimated read time 1 min read

ചെങ്കോട്ട സ്‌ഫോടനത്തില്‍ നിര്‍ണായക അറസ്റ്റുമായി എന്‍ഐഎ. സ്‌ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ നബിയുടെ സഹായി പിടിയില്‍.

ജമ്മുകശ്മീര്‍ സ്വദേശി ആമിര്‍ റഷീദ് ആണ് പിടിയിലായത്. ഡല്‍ഹിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ പിടികൂടിയത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ രജിസ്റ്റര്‍ ചെയ്തത് ആമിര്‍ അലിയുടെ പേരിലായിരുന്നു. എന്‍ഐഎ നടത്തിയ തീവ്ര തിരച്ചിലിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്ന് ആമിര്‍ റാഷിദ് അലിയെ പിടികൂടിയത്.

വാഹനം വാങ്ങാന്‍ ഉമറിനെ സഹായിക്കുന്നതിനായി അമീര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പുല്‍വാമ സ്വദേശിയുമായ ഡോ ഉമര്‍ ഉന്‍ നബിയാണ് ഐഇഡി നിറച്ച കാറിന്റെ ഡ്രൈവറെന്ന് എന്‍ഐഎ ഫോറന്‍സിക് സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎ പരിശോധന തുടരുകയാണ്. ജമ്മു കശ്മീര്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഭീകരബന്ധം സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ നടക്കുന്നത്.

വൈറ്റ് കോളര്‍ ഭീകരസംഘവുമായി കൂടുതല്‍ ഡോക്ടേഴ്‌സിന് ബന്ധമുണ്ടെന്ന് സംശയം. സ്‌ഫോടനത്തിനായി രണ്ട് കിലോയില്‍ അധികം അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായി കണ്ടെത്തി.

അമോണിയം നൈട്രേറ്റ് മാത്രമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ സ്‌ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ രീതിയും വിലയിരുത്തിയതില്‍ നിന്ന് ട്രൈ അസെറ്റോണ്‍ ട്രൈപെറോക്‌സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം സംശയിക്കുന്നു.

മദര്‍ ഓഫ് സാത്താന്‍ എന്നറിയപ്പെടുന്ന ഈ സ്‌ഫോടകവസ്തു ചൂട് മൂലമോ ചെറിയ ഘര്‍ഷണം മൂലമോ പോലും ഡിറ്റണേറ്റര്‍ ഇല്ലാതെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതാണ്. ഉമറിന് TATPയുടെ അസ്ഥിര സ്വഭാവത്തെക്കുറിച്ച് അറിയാമായിരുന്നിരിക്കണം എന്നാണ് അന്വേഷണസംഘം കരുതുന്നത്.

+ There are no comments

Add yours