കിഫ്ബിയോടുള്ള യു.ഡി.എഫ് നിലപാട് കേരളത്തെ കാൽ നൂറ്റാണ്ട് പിന്നോട്ടടിക്കും; പിണറായി വിജയനെതിരെയുള്ളത് രാഷ്ട്രീയ വേട്ടയെന്നും ഡോ. തോമസ് ഐസക്

Estimated read time 1 min read

കിഫ്ബിയുടെ കടമെടുപ്പ് അവസാനിപ്പിച്ച് അതിനെ ഒരു സാധാരണ സർക്കാർ വകുപ്പാക്കി മാറ്റുമെന്നും പദ്ധതികൾക്കുള്ള പണം ബജറ്റിൽ നിന്ന് നൽകുമെന്നുമുള്ള യു.ഡി.എഫ് വാദങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. ഇത്തരം നീക്കങ്ങൾ വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി നിലവിൽ 47,000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ തുക മുഴുവൻ ബജറ്റിൽ നിന്ന് കണ്ടെത്തുകയെന്നത് പ്രായോഗികമല്ല. പ്രതിവർഷം മൂവായിരത്തിനും നാലായിരത്തിനും ഇടയിൽ കോടി രൂപ മാത്രം വകയിരുത്തുന്ന പൊതുമരാമത്ത് വകുപ്പിന് ഇത്രയും വലിയ ബാധ്യതകൾ തീർക്കാൻ വർഷങ്ങളെടുക്കും. ഇത് സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവർത്തനങ്ങളെ പൂർണ്ണ സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ എടുക്കുന്ന വായ്പകൾ എസ്.എൽ.ആർ (SLR) ബോണ്ടുകൾ വഴിയുള്ളതാണ്. നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം ബാങ്കുകൾ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കേണ്ടതിനാൽ കുറഞ്ഞ പലിശയിൽ സർക്കാരിന് വായ്പ ലഭിക്കും. എന്നാൽ മറ്റ് രീതികളിൽ കുറഞ്ഞ നിരക്കിൽ പണം ലഭിക്കില്ലെന്നും വിപണി നിരക്കിലുള്ള പലിശ നൽകേണ്ടി വരുമെന്നും അദ്ദേഹം വിശദീകരിച്ചു. കിഫ്ബി വഴി എടുക്കുന്ന വായ്പകൾ ശമ്പളം നൽകാനോ സർക്കാരിന്റെ ദൈനംദിന ഭരണച്ചെലവുകൾക്കോ വേണ്ടിയല്ല ഉപയോഗിക്കുന്നത്. മറിച്ച് റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവയുടെ നിർമ്മാണത്തിനാണ്. കടബാധ്യതയുണ്ടെങ്കിലും ഭാവി തലമുറയ്ക്കായി അതിന് തുല്യമായ വലിയൊരു ആസ്തിയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

കിഫ്ബി പ്രഖ്യാപിച്ച ഒരു ലക്ഷത്തോളം കോടി രൂപയുടെ പദ്ധതികൾ ബജറ്റ് വഴി മാത്രം നടപ്പിലാക്കാൻ ശ്രമിച്ചാൽ ചുരുങ്ങിയത് 30 വർഷമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും ലോകം വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടാകും. വികസനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം സമീപനങ്ങൾ കേരളത്തെ ഒരു കാൽനൂറ്റാണ്ടെങ്കിലും പിന്നോട്ടടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനുപുറമെ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്നത് കേവലം രാഷ്ട്രീയ വേട്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട. കുറ്റക്കാരെ കണ്ടെത്തുകയല്ല, മറിച്ച് പീഡിപ്പിക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യം. ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് ഏജൻസി ഇപ്പോൾ ചെയ്യുന്നത്. പിണറായി വിജയനെതിരെ എന്ത് തെളിവാണ് ഇ.ഡിയുടെ പക്കലുള്ളതെന്നും സി.എം.ആർ.എല്ലിന് എന്ത് ആനുകൂല്യമാണ് സർക്കാർ ചെയ്തുനൽകിയതെന്നും ചോദിച്ച അദ്ദേഹം, ഈ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൂട്ടിച്ചേർത്തു.

+ There are no comments

Add yours