മാധ്യമപ്രവർത്തകയ്‌ക്കെതിരെ എ.സി.പിയുടെ പരാതിയിൽ ഡൽഹി പോലീസിന്റെ കേസ്; ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെയുള്ള നടപടിയിൽ ദുരൂഹത

Estimated read time 1 min read

ഡൽഹി പോലീസിലെ ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സ്വതന്ത്ര മാധ്യമപ്രവർത്തകയ്ക്കെതിരെ ജാതി അധിക്ഷേപം ആരോപിച്ച് പോലീസ് കേസെടുത്തു. ഒക്ടോബർ മൂന്നിന് നടന്ന ഡൽഹി പ്രക്ഷോഭത്തിനിടെ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുള്ള എ.സി.പി വിവേക് ഭഗത്തിന്റെ പരാതിയിലാണ് നടപടി. മാധ്യമപ്രവർത്തകയുൾപ്പെടെ മൂന്നുപേർക്കെതിരെയാണ് ഒക്ടോബർ 13-ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ജാതീയമായി അധിക്ഷേപിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ ഇന്ന ജാതിക്കാരനാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക അധിക്ഷേപിച്ചുവെന്നും, തന്റെ സമുദായത്തിലുള്ളവർ തയ്യൽ, നെയ്ത്ത് തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണെന്ന് പറഞ്ഞ് അപമാനിച്ചുവെന്നുമാണ് ഉദ്യോഗസ്ഥന്റെ പരാതിയിലുള്ളത്.

അതേസമയം, എ.സി.പിക്കെതിരെ മാധ്യമപ്രവർത്തക പത്ത് ദിവസം മുൻപ് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവം വലിയ വിവാദമായതോടെ ഈ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ നിയോഗിക്കുക മാത്രമാണ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ പരാതിക്കാരിയായ മാധ്യമപ്രവർത്തകയ്ക്കെതിരെ തന്നെ തിടുക്കപ്പെട്ട് കേസെടുത്തത് പ്രതികാര നടപടിയാണെന്ന വിമർശനം ഇതോടെ ശക്തമാകുകയാണ്.

+ There are no comments

Add yours