തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സകൾക്ക് ഇ.എസ്.ഐ (ESI) കോർപ്പറേഷൻ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചതോടെ ഗുരുതര രോഗ ബാധിതരായ രോഗികളും കുടുംബങ്ങളും കടുത്ത ദുരിതത്തിൽ. ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് പുതിയ ഉത്തരവ് വന്നതോടെ മരുന്നുകൾ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പരാതി ഉയരുന്നു. ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിന് സങ്കീർണ്ണമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന നിബന്ധനയാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഇ.എസ്.ഐ പരിരക്ഷയുള്ള ആശുപത്രികളിൽ ഒരു സാമ്പത്തിക വർഷം ഒരാൾക്ക് പരമാവധി 10 ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്കാണ് സാമ്പത്തിക പരിധിയുള്ളത്. ഇതിന് മുകളിൽ ചെലവ് വരുന്ന ചികിത്സകൾ തുടരണമെങ്കിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇ.എസ്.ഐ കോർപ്പറേഷൻ പത്തിലധികം പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. മുൻപ് ഇത്തരത്തിലുള്ള കർശന മാനദണ്ഡങ്ങൾ നിലവിലുണ്ടായിരുന്നില്ല.
ചികിത്സ ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ഈ മാനദണ്ഡങ്ങൾക്ക് വിധേയമാകണമെന്നതാണ് നിലവിലെ ഉത്തരവ്. ചികിത്സിക്കുന്ന ആശുപത്രിയിലെ ‘ട്യൂമർ ബോർഡിന്റെ’ അടിയന്തര അനുമതി വേണമെന്നതാണ് ഇതിൽ പ്രധാനം. എന്നാൽ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഇത്തരമൊരു സമിതി നിലവിലില്ലാത്തതിനാൽ അനുമതി പത്രം ലഭിക്കാൻ രോഗികൾ ബുദ്ധിമുട്ടുന്നു. കൂടാതെ, സർക്കാർ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിന്റെ സർട്ടിഫിക്കറ്റും ഇ.എസ്.ഐ ആശുപത്രികളുടെ പ്രത്യേക സാക്ഷ്യപത്രവും ഹാജരാക്കണമെന്ന നിബന്ധനയും പ്രതിസന്ധി ഇരട്ടിയാക്കുന്നു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് മെഡിക്കൽ കോളേജുകളിൽ നിന്ന് വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമാകാറില്ലെന്നതും തിരിച്ചടിയാണ്. നിലവിലെ സങ്കീർണ്ണമായ നിബന്ധനകൾ പിൻവലിച്ച് പഴയതുപോലെ ചികിത്സാ സഹായം തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു. അതേസമയം, ചികിത്സാ ആനുകൂല്യങ്ങളുടെ മറവിൽ നടക്കുന്ന വലിയ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് ഇ.എസ്.ഐ കോർപ്പറേഷന്റെ വിശദീകരണം.




+ There are no comments
Add yours