റാഞ്ചിയിലെ കനത്ത തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ; ലീഡ് നേടാന്‍ വിന്‍ഡീസ്, ഇന്ന് മൂന്നാം ടി20

Estimated read time 0 min read

ഇൻഡോർ: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ട്വന്റി 20 മത്സരം ഇന്ന് ഇൻഡോറിൽ. റാഞ്ചിയിലെ തോൽവിയിൽ നിന്ന് തിരിച്ചുവരാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോൾ റെക്കോർഡ് റൺചേസിന്റെ ആത്മവിശ്വാസത്തിലാണ് വെസ്റ്റ് ഇൻഡീസ്. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.റാഞ്ചിയിലെ തോൽവിക്ക് മറുപടി നൽകാൻ ഇന്ത്യക്ക് മികച്ചൊരു വിജയം അനിവാര്യമാണ്. എന്നാൽ ഇൻഡോറിൽ കാര്യങ്ങൾ എളുപ്പമാകില്ല. 250 റൺസ് അനായാസം പിന്തുടർന്ന് വിജയിച്ച വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ് കരുത്ത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഷായ് ഹോപ്പ്, ഷെർഫെയ്ൻ റൂഥർഫോർഡ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരടങ്ങുന്ന വെടിക്കെട്ട് നിരയെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും.

അർഷ്ദീപ് സിങ് താളം കണ്ടെത്തിയാൽ ഇന്ത്യയുടെ ബൗളിങ് ആശങ്കകൾക്ക് ഒരുപരിധിവരെ പരിഹാരമാകും. പവർപ്ലേയിൽ മായങ്ക് യാദവിന്റെ വേഗവും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. എന്നാൽ മധ്യ ഓവറുകളിൽ റൺ ഒഴുക്ക് നിയന്ത്രിക്കാനാകാത്തതാണ് ടീമിന്റെ പ്രധാന വെല്ലുവിളി.വെസ്റ്റ് ഇൻഡീസിനും ബൗളിങ്ങിൽ ആശങ്കകളുണ്ട്. റാഞ്ചിയിൽ ഉയർന്ന സ്കോർ പിറന്ന മത്സരത്തിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോസ്റ്റൺ ചേസിലാണ് ടീമിന്റെ പ്രതീക്ഷ. ഇന്ത്യൻ ടോപ് ഓർഡറിലെ ഇടംകൈയൻ ബാറ്റർമാർക്ക് ചേസ് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.സഞ്ജു സാംസൺ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ക്യാപ്റ്റൻ ശ്രേയസിന്റെയും തിലകിന്റെയും വെടിക്കെട്ട് ബാറ്റിങ്ങും ടീമിന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലെയും ഫീൽഡിങ്ങിലെയും മികവായിരിക്കും മത്സരഫലം നിർണയിക്കുക. റാഞ്ചിയിൽ ഇരുടീമുകളും നിർണായക ക്യാച്ചുകൾ പാഴാക്കിയിരുന്നു. മഞ്ഞുവീഴ്ച മത്സരത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ടോസും നിർണായകമാകും. പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം നിർണായകമാണ്.

+ There are no comments

Add yours