പഞ്ചസാര വില 62 രൂപ
രാജ്യത്ത് പഞ്ചസാര വിലയിൽ വൻ വർധന. കഴിഞ്ഞ 12 ദിവസത്തിനിടെ പഞ്ചസാര വിലയിൽ 19 ശതമാനം മുതൽ 21 ശതമാനം വരെയാണ് വർധനയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 52 രൂപയുണ്ടായിരുന്ന പഞ്ചസാര വില ഇപ്പോൾ 62 രൂപയായാണ് ഉയർന്നിരിക്കുന്നത്.ഉല്‍പാദനം കുറഞ്ഞതും കരിമ്പ് വലിയ രീതിയില്‍ എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിച്ചതുമാണ് വില ഉയരുന്നതിനുള്ള പ്രധാനകാരണം. രാജ്യത്ത് പ്രതിമാസം ഏകദേശം 24 ലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് ആവശ്യമായി വരുന്നത്. നിലവിലെ സീസണിൽ 342 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനം പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർത്ഥ ഉൽപ്പാദനം 308 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു.ഇതിൽ 28 ലക്ഷം മെട്രിക് ടൺ പഞ്ചസാര എഥനോൾ നിർമ്മാണത്തിനായി മാറ്റിവെച്ചതോടെ, ആഭ്യന്തര ഉപയോഗത്തിന് 280 ലക്ഷം മെട്രിക് ടൺ മാത്രമാണ് ലഭ്യമായത്. ഉൽപ്പാദനം കുറഞ്ഞതിനെ തുടർന്ന് സർക്കാർ മേയിൽ കയറ്റുമതി നിരോധിച്ചെങ്കിലും, അതിനകം 8 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്തിരുന്നു.നിലവിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് നവംബർ 30 വരെ സർക്കാർ സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉത്സവകാലത്ത് പലഹാരങ്ങൾക്കും മിഠായികൾക്കും ആവശ്യമേറുന്നതിനാൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.





+ There are no comments
Add yours