തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി
തോണിയിലെ തൈലം, മറ്റ് പരിചണങ്ങൾ എല്ലാം
വായ്താരി മാത്രം
ആറന്മുള: തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണ് വെള്ളം കയറിയാണ് തോണി മുങ്ങിയത്. ദേവസ്വം ബോർഡിന്‍റെ പരിചരണം ഇല്ലായ്മയാണ് തിരുവോണത്തോണിയുടെ കേടുപാടിന് കാരണമെന്നാണ് ആക്ഷേപം. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠനങ്ങളിൽ പ്രാധാനമാണ് തിരുവോണത്തോണി. കാട്ടൂർ മനയിലെ കാരണവർ ആറന്മുള പാർത്ഥസാരഥിക്ക് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായ് എത്തുന്ന വഞ്ചിയാണ് തിരുവോണത്തോണിയെന്ന പേരിൽ പ്രസിദ്ധമായത്. ദേവസ്വം ബോർഡിന്‍റെ കീഴിലാണ് തിരുവോണത്തോണി സംരക്ഷിക്കുന്നത്.ആറന്മുള ക്ഷേത്രക്കടവിന് സമീപം തോണിപ്പുരയിൽ സൂക്ഷിച്ചിരുന്നെങ്കിലും ഈ പ്രളയകാലത്ത് കടവിലേക്ക് മാറ്റിയിരുന്നു. പള്ളിയോടങ്ങളിലെത്തുന്ന തുഴച്ചിലുകാരിൽ ചിലർ കടവത്ത് കിടന്ന തിരുവോണത്തോണിയിലൂടെയാണ് പടവിലെത്തിയത്. ഇത്തരത്തിൽ മറിഞ്ഞതാണെന്നും പറയുന്നുണ്ട്. എന്നാൽ പള്ളിയോടത്തെക്കാൾ ഉറപ്പും ബലവും ഉള്ളതാണ് തിരുവോണ തോണി എന്നാണ് പറയപ്പെടുന്നത്. മുങ്ങിയതോടെ തോണിയുടെ മണ്ഡപത്തിന്‍റെ മകുടം ഇളകിപ്പോയി. ആണിത്തറയ്ക്കും ഇളക്കം സംഭവിച്ചിട്ടുണ്ട്.ഏറെ സവിശേഷമായ തിരുവോണത്തോണിയെ ദേവസ്വം ബോർഡ് അധികൃതർ വേണ്ടവിധം പരിചരിക്കാത്തതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് ഉപദേശക സമിതിയും നാട്ടുകാരും കുറ്റപ്പെടുത്തുന്നത്. വള്ളം കരയിൽ കയറ്റി അച്ചകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. ശില്പി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് തകരാർ പരിഹരിക്കുന്നത്. വേഗത്തിൽ തകരാർ പരിഹരിച്ച് ഉത്രാടത്തിനു മുമ്പ് തിരുവോണത്തോണി സജ്ജമാക്കാനുളള പരിശ്രമത്തിലാണ് ദേവസ്വം അധികൃതർ.





+ There are no comments
Add yours