നിരാശയിലുപേക്ഷിച്ച ഖനിയിൽ നിന്ന 50 ലക്ഷത്തിന്റെ അമൂല്യ വജ്രം
പന്ന എന്ന് പ്രദേശം എന്നും ദുരൂഹതകളുടെ വിളയിടമാണ് എന്ന് ഗ്രാമീണർ പറയുന്നു
മധ്യപ്രദേശിലെ പന്ന ജില്ലയിലെ സരോഖ ഗ്രാമത്തിൽ 7 പേർ ചേർന്ന് നടത്തിയിരുന്ന ഒരു ചെറുകിട ഖനിയിൽ നിന്നാണ് 17.96 കാരറ്റ് തൂക്കം വരുന്ന ‘ജെം ക്വാളിറ്റി’ വിഭാഗത്തിലുള്ള അമൂല്യ വജ്രം കണ്ടെത്തിയത്.. ഏഴ് തൊഴിലാളികൾക്കാണ് ഈ വജ്രം ലഭിച്ചത്. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന സർക്കാർ ലേലത്തിൽ ഈ വജ്രം വിൽപ്പനയ്ക്ക് വെയ്ക്കുമെന്നും കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും ഇതിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പന്ന ഡയമണ്ട് ഓഫീസ് ഉദ്യോഗസ്ഥനായ രവി പട്ടേൽ വ്യക്തമാക്കി. ആഭ്യന്തര-അന്തർദേശീയ വ്യാപാരികൾ ലേലത്തിൽ പങ്കെടുക്കും.രണ്ട് വർഷം മുൻപാണ് ഏഴ് തൊഴിലാളികൾ ചേർന്ന് സരോഖയിലെ ഖനി പാട്ടത്തിനെടുത്തത് . എന്നാൽ ദീർഘകാലം കഠിനാധ്വാനം ചെയ്തിട്ടും യാതൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഒരു വർഷം മുൻപ് ഇവർ ഈ ഖനി ഉപേക്ഷിച്ച് സമീപത്ത് മറ്റൊരു ഖനി ആരംഭിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ ഉപേക്ഷിച്ച പഴയ ഖനി പരിശോധിക്കാൻ എത്തിയപ്പോഴാണ് ഖനിയുടെ മുകൾഭാഗത്ത് മണ്ണിൽ തിളങ്ങിനിൽക്കുന്ന വജ്രം ശ്രദ്ധയിൽപ്പെട്ടതെന്ന് തൊഴിലാളികളിലൊരാളായ അഖിലേഷ് പാൽ പറഞ്ഞു. തുടർന്ന് ഇവർ വജ്രം പന്നയിലെ സർക്കാർ ഓഫീസിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി.പന്നയിലെ ഖനികളിൽ സാധാരണയായി തൊഴിലാളികൾ വൻകിട പാട്ടക്കാരുടെ കീഴിൽ കൂലിപ്പണിക്കാരായാണ് ജോലി ചെയ്യാറുള്ളത്. എന്നാൽ ഇവിടെ തൊഴിലാളികൾ തന്നെയാണ് ഖനിയുടെ നേരിട്ടുള്ള പാട്ടക്കാർ എന്ന പ്രത്യേകതയുണ്ട്.അതിനാൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള 12 ശതമാനം റോയൽറ്റി കിഴിച്ചുള്ള മുഴുവൻ തുകയും തുല്യമായി ഈ ഏഴ് തൊഴിലാളികൾക്ക് ലഭിക്കും. കടുത്ത ദാരിദ്ര്യവും സാമ്പത്തിക പരാധീനതകളും കാരണം വിവാഹം പോലും കഴിക്കാൻ സാധിക്കാതിരുന്ന മൂന്ന് പേർ ഈ സംഘത്തിലുണ്ട്. ഈ അപ്രതീക്ഷിത കണ്ടെത്തലോടെ ഇവരുടെ ജീവിതസാഹചര്യങ്ങൾ തന്നെ പൂർണ്ണമായി മാറുകയാണ്.





+ There are no comments
Add yours