ജ്വല്ലറിയുടെ ചുവർ തുരന്നു മോഷണശ്രമം; പ്രതികൾ പിടിയിൽ
തൃശൂർ വടക്കേക്കാട്:വടക്കേക്കാട് നായരങ്ങാടിയിൽ ജ്വല്ലറിയുടെ ചുവർ തുരന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ.ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഇപ്പോൾ വെളിയങ്കോട് താമസിക്കുന്നയാളുമായ ഓട്ടോ സുഹൈൽ എന്ന് വിളിക്കുന്ന സുഹൈൽ, പാലപ്പെട്ടി സ്വദേശി നൗഷാദ് എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് ഐപിഎസ് ന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി സാഗോക് ടീമും വടക്കേക്കാട് പോലീസും ചേർന്ന് പിടികൂടിയത്.പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് നായരങ്ങാടി
പാലത്തിങ്കൽ ജ്വല്ലേഴ്സിൻ്റെ പുറകുവശത്തെ ചുവരിൽ മാൻഹോൾ ഉണ്ടാക്കി മോഷണ ശ്രമം നടന്നത്.മോഷണ ശ്രമത്തിനിടെ സെക്യൂരിറ്റി അലാം ശബ്ദിച്ചതിനാൽ പ്രതികൾ ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.നായരങ്ങാടി നഗരത്തിലെ പ്രധാന ഭാഗത്ത് നടന്ന ഈ മോഷണ ശ്രമത്തിൽ, വ്യാപാരികൾ അടക്കമുള്ളവർ ഭീതിയിലായിരുന്നു.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഡോഗ് സ്വഗഡ്
ടീമും വടക്കേക്കാട് പോലീസും ചേർന്ന് അന്വേഷണം നടത്തുകയും പ്രതികൾ ജ്വല്ലറി തുരക്കുന്നതിനും മറ്റുമായി കൊണ്ടുവന്ന ഓക്സിജൻ ഗ്യാസ് സിലിണ്ടർ കമ്പിപാര അടക്കമുള്ള സാധനങ്ങൾ സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.ഒരുപക്ഷേ സെക്യൂരിറ്റി അലാം ശബ്ദിച്ചില്ലായിരുന്നുവെങ്കിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിൽ ഒന്നാകുമായിരുന്നു ഇത്.വൻ പദ്ധതി തന്നെ പ്രതികൾ ഇതിനായി തയ്യാറാക്കിയിരുന്നു. ജ്വല്ലറി തുറക്കുന്നതിനും ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യുന്നതിനുമായുള്ള ഗ്യാസ് സിലിണ്ടർ അടക്കമുള്ള ആയുധങ്ങൾ രണ്ടുദിവസം മുൻപേ തന്നെ പ്രതികൾ ജില്ലയ്ക്ക് പുറത്തുനിന്നും ശേഖരിച്ച് കേസിലെ മൂന്നാം പ്രതിയും ഗുഡ്സ് ഓട്ടോ ഓടിക്കുന്ന ആളുമായ നൗഷാദ് എന്നയാളുടെ വാഹനത്തിൽ കയറ്റി ജ്വല്ലറിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുവന്നിട്ടിരുന്നു.പിന്നീട് ആർക്കും സംശയം തോന്നാതിരിക്കുന്നതിനായി ഇരുചക്ര വാഹനത്തിലാണ് പ്രതികൾ മോഷണം നടത്താനായി എത്തിയത്.കളവ് കേസുകളിൽ കുപ്രസിദ്ധിയാർജിച്ച ഓട്ടോ സുഹൈൽ എന്ന സുഹൈൽ ആണ് ഈ കേസിലെ പ്രധാന പ്രതിയും ആസൂത്രകനും. ജില്ലയ്ക്ക് അകത്തും പുറത്തുമായി 50ലധികം മോഷണക്കേസുകളിലും പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്നും 500 പവൻ സ്വർണ്ണം മോഷ്ടിച്ച കേസിലും പ്രതിയാണ് സുഹൈൽ.മോഷ്ടിച്ച് ലഭിച്ച പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ ശൈലി.മൂന്നു മാസം മുൻപ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കഴുമല്ലൂർ ക്ഷേത്രത്തിൽ ഓഫീസ് റൂമിനകത്ത് കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഇയാളെ പിടികൂടിയിരുന്നു.പോലീസിന്റെ അന്വേഷണ മികവാണ് പ്രതികളെ സംഭവം നടന്ന മൂന്ന് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. പോലീസ് കമ്മീഷണർ സേതു, ഗുരുവായൂർ പോലീസ് അസി. കമ്മീഷണർ സുരേന്ദ്രൻ, വടക്കേകാട് ഇൻസ്‌പെക്ടർ ജസ്റ്റിൻ എന്നിവരും സാഗോക്
ടീം അംഗങ്ങളായ അസി.സബ് ഇൻസ്‌പെക്ടർ പി.കെ പഴനി സ്വാമി,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ,കൃഷ്ണപ്രസാദ്,റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്,സിംസൺ,ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും വടക്കേകാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ സലാം, സിവിൽ പോലീസ് ഓഫീസർ റോഷൻ എന്നിവരുമാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
പടം:പ്രതികളായ സുഹൈൽ നൗഷാദ്
പടം: പ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു.







+ There are no comments
Add yours