പുതിയ ലേബര്‍ കോഡ്
സാലറി സ്ലിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സംഖ്യ സിടിസി അല്ല.
എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്ന തുകയാണ്.
പുതിയ ലേബര്‍ കോഡിലെ ചില മാറ്റങ്ങള്‍
പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ നിയമപരമായ ആനുകൂല്യങ്ങള്‍ക്കുള്ള വേതനം കണക്കാക്കുന്ന രീതിയില്‍ പുതിയ തൊഴില്‍ നിയമങ്ങള്‍ മാറ്റങ്ങള്‍ വരുത്തുന്നതോടെ, ഈ തുകയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമാര്‍ഗവും ലഭ്യമാണ്. കമ്പനികള്‍ക്ക് അവരുടെ മൊത്തം സിടിസി വര്‍ധിപ്പിക്കാതെ തന്നെ, ജീവനക്കാരുടെ കൈയില്‍ ലഭിക്കുന്ന ശമ്പളം സംരക്ഷിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ശമ്പള ഘടനയില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
വേതന നിയമം പ്രകാരം, വേതനത്തിന്റെ നിര്‍വചനത്തില്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, നിലനിര്‍ത്തല്‍ അലവന്‍സ് എന്നിവ മൊത്തം പ്രതിഫലത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഉണ്ടായിരിക്കണം. നിശ്ചിത അലവന്‍സുകളും ഒഴിവാക്കപ്പെട്ട ഘടകങ്ങളും ഈ 50 ശതമാനം പരിധിക്ക് മുകളിലാണെങ്കില്‍, അധികമുള്ള തുക നിയമപരമായ കണക്കുകൂട്ടലുകള്‍ക്കായി വേതനത്തോട് കൂട്ടിച്ചേര്‍ക്കും.
ഇത് പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവ കണക്കാക്കുന്നതിനുള്ള തുക വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം. ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ഇതൊരു പരിചിതമായ ട്രേഡ്-ഓഫ് സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ദീര്‍ഘകാല വിരമിക്കല്‍ ആനുകൂല്യങ്ങളിലേക്ക് കൂടുതല്‍ പണം നീക്കിവെക്കേണ്ടി വന്നേക്കാം. എന്നാല്‍ പ്രതിമാസ പണമായി ലഭിക്കുന്ന തുക കുറഞ്ഞേക്കാം.
‘കിഴിവുകളും ഉയര്‍ന്ന നികുതിയും കാരണം ജീവനക്കാരുടെ കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ 5 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്,’ വണ്‍ബാങ്ക് ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ വിഭോര്‍ ഗോയല്‍ എന്‍ഡിടിവിയോട് പറഞ്ഞു. എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ഒരേപോലെയല്ല ഇതിന്റെ ആഘാതം അനുഭവപ്പെടുക. കുറഞ്ഞ ആനുകൂല്യങ്ങളോ നികുതി ലാഭിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളോ ഇല്ലാത്ത ശമ്പള ഘടനയുള്ളവര്‍ക്ക് അവരുടെ പ്രതിമാസ വരുമാനത്തില്‍ കൂടുതല്‍ പ്രകടമായ മാറ്റം അനുഭവപ്പെട്ടേക്കാം.
അതേസമയം, ചില ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ പരിധി വര്‍ധിപ്പിച്ചുകൊണ്ട് നികുതി നിയമങ്ങളില്‍ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഭക്ഷണത്തിനുള്ള ആനുകൂല്യം. ഇപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് 200 രൂപ വരെയാകാം. നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി ഇത് പ്രതിവര്‍ഷം ഏകദേശം 1.05 ലക്ഷം രൂപ വരെ വരാം. ഗോയല്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്.
സമ്മാനങ്ങള്‍ക്കും വൗച്ചറുകള്‍ക്കുമുള്ള നികുതി ഇളവ് പരിധി 15,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. പഴയ നികുതി വ്യവസ്ഥയില്‍ കുട്ടികളുടെ വിദ്യാഭ്യാസം, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയ്ക്കും ഉയര്‍ന്ന പരിധികളുണ്ട്. ഇവിടെയാണ് ശമ്പള ഘടനയിലെ പുനഃക്രമീകരണം പ്രസക്തമാകുന്നത്.
‘നിയമങ്ങള്‍ മാറ്റാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല, തൊഴിലുടമകള്‍ അവ പാലിക്കുകയും വേണം. എന്നാല്‍ ശമ്പള ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. വേതനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാവുകയും പുതിയ നികുതി നിയമങ്ങള്‍ ആനുകൂല്യങ്ങളുടെ പരിധി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍, ഈ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന തിരിച്ചടിയെ മറികടക്കാന്‍ സാധിക്കും,’ ഗോയല്‍ പറഞ്ഞു.
അടിസ്ഥാന ശമ്പളത്തിലും പണമായി ലഭിക്കുന്ന അലവന്‍സുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജീവനക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പാക്കേജ് കമ്പനികള്‍ക്ക് തയ്യാറാക്കാം. സിടിസി വര്‍ധിപ്പിക്കുക എന്നതല്ല ഇതിന്റെ ലക്ഷ്യം, മറിച്ച് നിലവിലുള്ള സിടിസിയെ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതാണ്.
ഗോയലിന്റെ അഭിപ്രായത്തില്‍ ശരിയായ രീതിയില്‍ നടപ്പിലാക്കിയാല്‍, സിടിസിയില്‍ മാറ്റം വരുത്താതെ തന്നെ ജീവനക്കാരുടെ കൈയില്‍ ലഭിക്കുന്ന തുകയില്‍ 10 ശതമാനം വരെ വര്‍ധനവ് വരുത്താന്‍ കമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ പ്രയോജനം ജീവനക്കാരന്റെ ശമ്പള ഘടന, ബാധകമായ നികുതി വ്യവസ്ഥ, അര്‍ഹത, ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ടോ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
കടലാസില്‍ ആകര്‍ഷകമായി തോന്നുന്ന ഒരു ആനുകൂല്യം, ജീവനക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന് വലിയ മൂല്യമില്ല. ഉപയോഗിക്കാന്‍ എളുപ്പമുള്ളതും, യുപിഐയും കാര്‍ഡുകളും പിന്തുണയ്ക്കുന്നതും, സാധാരണ കടകളില്‍ സ്വീകരിക്കാവുന്നതും, പേറോള്‍ സംവിധാനവുമായും ബാങ്ക് അക്കൗണ്ടുകളുമായും ബന്ധിപ്പിക്കാവുന്നതുമായ ഒരു പ്ലാറ്റ്ഫോം ഇതിനായി ആവശ്യമാണെന്ന് ഗോയല്‍ പറഞ്ഞു.
തൊഴില്‍ വാഗ്ദാനങ്ങളെ ജീവനക്കാര്‍ താരതമ്യം ചെയ്യുന്ന രീതിയിലും ഈ മാറ്റങ്ങള്‍ സ്വാധീനം ചെലുത്തിയേക്കാം. ഉദാഹരത്തിന് 20 ലക്ഷം രൂപ സിടിസി വാഗ്ദാനം ചെയ്യുന്ന രണ്ട് കമ്പനികളെ പരിഗണിക്കുക. രണ്ടിടത്തും ആകെ തുക തുല്യമാണ്. എന്നാല്‍ പ്രതിമാസം കൈയില്‍ ലഭിക്കുന്ന ശമ്പളം, പിഎഫ് വിഹിതം, ഗ്രാറ്റുവിറ്റി, പ്രയോജനപ്പെടുത്താവുന്ന ആനുകൂല്യങ്ങള്‍ എന്നിവയില്‍ വലിയ വ്യത്യാസമുണ്ടാകാം.
തങ്ങളുടെ ശമ്പള ഘടന ഇതിനകം പുനഃക്രമീകരിച്ച കമ്പനികള്‍ക്ക് അതേ മൊത്തം പ്രതിഫലത്തുകയില്‍ ഉയര്‍ന്ന ‘ഇന്‍-ഹാന്‍ഡ്’ ശമ്പളം നല്‍കാന്‍ കഴിയുമെന്ന് ഗോയല്‍ പറഞ്ഞു; എന്നാല്‍ ഇങ്ങനെ ചെയ്യാത്ത കമ്പനികള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ യഥാര്‍ത്ഥ പ്രതിമാസ വരുമാനം താരതമ്യം ചെയ്യുമ്പോള്‍ തിരിച്ചടി നേരിടേണ്ടി വന്നേക്കാം.










+ There are no comments
Add yours