ഇരട്ട വരന്മാർ, ഇരട്ട വധുക്കൾ, ഇരട്ട വൈദികരും, അൾത്താര ശുശ്രൂഷികളും ഇരട്ട, ‘ട്വിൻ വെഡ്ഡിംഗ്’ ആഘോഷമാക്കി ചങ്ങനാശ്ശേരി…

Estimated read time 0 min read

ചങ്ങനാശ്ശേരി: ഇരട്ട വരന്മാരും ഇരട്ട വധുക്കളും ഇരട്ട വൈദികരും ഒരേ വേദിയിൽ ഒന്നിച്ച അപൂർവ വിവാഹത്തിന് സാക്ഷ്യം വഹിച്ചു ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി മെട്രോപൊളിറ്റൻ പള്ളിയിൽ വ്യാഴാഴ്ച നടന്ന വിവാഹച്ചടങ്ങാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടിയത്. ചങ്ങനാശ്ശേരി വെട്ടുപറമ്പിൽ കുഞ്ഞുമോൻ തോമസ്–ജോമോൾ ദമ്പതികളുടെ ഇരട്ടമക്കളായ അഖിൽ കെ. തോമസും നിഖിൽ കെ. തോമസും, പത്തനംതിട്ട കുളത്തൂർ കുമ്പളുവേലിൽ ടോമിച്ചൻ–മേരിക്കുട്ടി ദമ്പതികളുടെ ഇരട്ടമക്കളായ മാഗി മേരി തോമസിനെയും മരിയ മേരി തോമസിനെയുമാണ് വിവാഹം ചെയ്തത്. അഖിൽ മാഗിയെയും നിഖിൽ മരിയയെയുമാണ് ജീവിതസഖികളാക്കിയത്.

വിവാഹച്ചടങ്ങിന് കൂടുതൽ പ്രത്യേകത നൽകിയത് കാഞ്ഞിരപ്പള്ളി രൂപതയിലെ ഇരട്ട വൈദികരായ ഫാ. ആന്റോ പെഴുങ്കാട്ടിലും ഫാ. അജോ പെഴുങ്കാട്ടിലുമാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. കൂടാതെ അൾത്താര ശുശ്രൂഷ നിർവഹിച്ച പാലാ സ്വദേശികളായ ജെറോൺ ജെയിംസും ജോഹൻ ജെയിംസും ഇരട്ട സഹോദരങ്ങളായിരുന്നു. ചടങ്ങിലുടനീളം ഇരട്ടകളുടെ സാന്നിധ്യം ഉറപ്പാക്കിയത് യാദൃശ്ചികമായിരുന്നില്ല. ചെറുപ്പം മുതലേ തങ്ങളുടെ വിവാഹത്തിൽ ഇരട്ടകളുടെ സാന്നിധ്യം വേണമെന്നത് വധുക്കളായ മാഗിയുടെയും മരിയയുടെയും ആഗ്രഹമായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരട്ട വൈദികരായ ഫാ. ആന്റോയെയും ഫാ. അജോയെയും നേരിട്ട് ബന്ധപ്പെട്ട് വിവാഹച്ചടങ്ങിലേക്ക് ക്ഷണിച്ചത്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥരാണ് വരന്മാരായ അഖിലും നിഖിലും. വധുക്കളായ മാഗിയും മരിയയും ഐ.ടി. മേഖലയിലാണ് ജോലി ചെയ്യുന്നത്. ജനനം മുതൽ ഒരുമിച്ച് വളർന്ന രണ്ട് ഇരട്ട കുടുംബങ്ങളുടെ ഈ അപൂർവ വിവാഹം ചടങ്ങിനെത്തിയവർക്കും സാമൂഹിക മാധ്യമങ്ങളിലും ഒരുപോലെ കൗതുകവും ശ്രദ്ധയും നേടിക്കൊടുത്തു.

+ There are no comments

Add yours