ഇരിങ്ങാലക്കുട :തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ LDF പ്രതിഷേധ മാർച്ച്

Estimated read time 1 min read

തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ LDF പ്രതിഷേധ മാർച്ച്

ഇരിങ്ങാലക്കുട> പരിഷ്‌കരിച്ച സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി.
നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ്ണാസമരം മുൻ മന്ത്രിയും,സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വന്ന കാലത്തെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയും,ജനകീയാസൂത്രണ പദ്ധതി അട്ടിമറിക്കുകയും ചെയ്ത ചരിത്രമാണുള്ളതെന്നും ബിന്ദുടീച്ചർ പറഞ്ഞു.ലൈഫ് ഭവന പദ്ധതിയുൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ പണമില്ലാത്തതിനാൽ സ്തംഭിച്ചിച്ചിരിക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൻ്റെ അവസാന ബജറ്റിൽ ഇരിങ്ങാലക്കുട നഗരസഭയക്ക് ജനറൽ വിഭാഗം പ്ലാൻ ഫണ്ടായി 8,49,01,000 രൂപയും,പ്രത്യേക ഘടക പദ്ധതി (പട്ടികജാതി വികസന ഫണ്ട്) വിഹിതമായി 3,46,73,000 രൂപയും അനുവദിച്ചിരുന്നതാണ്.യു.ഡി.എഫ് സർക്കാരിൻ്റെ പുതുക്കിയ ബജറ്റിൽ അത് യഥാക്രമം 2,53,10,000 രൂപയും,2,94,72,000 രൂപയുമായി കുറച്ചു.ജനറൽവിഭാഗത്തിൽ 5,95,91,000 രൂപയുടെയും,പട്ടിക ജാതി വിഭാഗത്തിൽ 52,01,000 രൂപയുടെയും പദ്ധതി വിഹിതത്തിലുണ്ടായ കുറവ് നഗരസഭാ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നാലയിൽ വന്നതിനെ തുടർന്ന് 2025-26 വർഷത്തെ തദ്ദേശ സ്ഥാപന ങ്ങൾക്കുള്ള അവസാന ഗഡു പദ്ധതി വിഹിതം വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പുകമ്മീഷൻ തടഞ്ഞിരുന്നത് പുതിയ സർക്കാർ അധികാരത്തിലെത്തി നാളിതുവരെയായിട്ടും വിതരണം ചെയ്തിട്ടില്ല.ഇതുമൂലം സ്പിൽ ഓവർ പദ്ധതികൾക്കും,കഴിഞ്ഞ വർഷം പൂർത്തിയായ പദ്ധതികൾക്കും പണം നൽകാൻ കഴിയാത്ത സ്ഥിതിയാണ്.
മുനിസിപ്പൽ കൗൺസിലറും,സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവുമായ കെ.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ.ഉയപ്രകാശ്,കേരള കോൺഗ്രസ്സ്(എം) ജില്ലാ ജോ.സെക്രട്ടറി ടി.കെ.വർഗ്ഗീസ് മാസ്റ്റർ,ആർ.ജെ.ഡി.മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗ്ഗീസ്,ജെ.ഡി.എസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.ഡോ.കെ.പി.ജോർജ്ജ് സ്വാഗതവും,എം.ബി.രാജു നന്ദിയും പറഞ്ഞു.

+ There are no comments

Add yours