നടൻ നിവിൻ പോളിക്കെതിരെ വഞ്ചനാ
കുറ്റത്തിന് പരാതി നൽകിയ നിർമ്മാതാവ് പി എ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോടതിയിൽ വ്യാജ സത്യവാങ്മൂലം നൽകിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകൾ ഹാജരാക്കിയതിനും എതിരായി ഭാരതീയ ന്യായ സംഹിതയിലെ 227-ാം വകുപ്പ് പ്രകാരമാണ് അന്വേഷണം.ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023 ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിൻ പോളിയുടെ നിർമ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറിൽ നിന്നും ചിത്രത്തിൻ്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനായി തൻ്റെ ഒപ്പ് വ്യാജമായി ചേർത്ത രേഖ ഹാജരാക്കുകയും ചെയ്‌തുവെന്നാണ് നിവിൻ പോളിയുടെ പരാതിയിൽ പറയുന്നത്. ഫിലിം ചേംബറിൽ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂർണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഈ കേസിൽ നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.



+ There are no comments
Add yours