സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ രണ്ടാം ഘട്ട അവലോകന യോഗം ചേർന്നു

Estimated read time 1 min read

*സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ രണ്ടാം ഘട്ട അവലോകന യോഗം ചേർന്നു.*
*ലക്ഷ്യം : ലഹരി വിമുക്ത കലാലയങ്ങൾ, അപകട രഹിത അദ്ധ്യയന വർഷം.*

സംസ്ഥാന തലത്തിൽ നടത്തുന്ന വിദ്യാലയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദേശപ്രകാരം  2025 -2026 അദ്ധ്യയന വർഷത്തിലെ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ ഓരോ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നതിനായുള്ള രണ്ടാം ഘട്ട അവലോകന യോഗം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഇന്ന് 22-05-2025 തിയ്യതി ഇരിങ്ങാലക്കുട പി ടി ആർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.

തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ  കൊരട്ടി, ചാലക്കുടി, അതിരപ്പിള്ളി, മലക്കപ്പാറ, കൊടകര, വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധികളിലെ Play School മുതൽ കോളേജ് തലം വരെയുള്ള (Govt/Aided/Unaided)   105 വിദ്യാലയങ്ങളിൽ നിന്നായി 250 ഓളം അധ്യാപകർ, ഹെഡ്മാസ്റ്റർ, ഹെഡ് മിസ്ട്രസ്, പ്രിൻസിപ്പാൾ, പോലീസ് സ്റ്റേഷൻ SHO മാർ എന്നിവർ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അധ്യാപകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.  സ്കൂൾ സുരക്ഷയുടെ നോഡൽ ഓഫീസറായ സ്പെഷ്യൽ ബ്രാഞ്ച് DYSP ബിജോയ്.പി.ആർ,  കൊടുങ്ങല്ലൂർ DYSP ബിജുകുമാർ എന്നിവരും സംസാരിച്ചു.

മൂന്നാം ഘട്ട അവലോകന യോഗം മെയ് 23-ന് സംഘടിപ്പിക്കും.

*നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെുയും പങ്ക് നിർണ്ണായകമാണ്. വിദ്യാർത്ഥികളുടെ ശാരീരികമായും മാനസികമായും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സുരക്ഷിതമായും ആത്മവിശ്വാസത്തോടു കൂടിയും ജോലി ചെയ്യുവാനുള്ള സാഹചര്യങ്ങൾ കൂടി ഉണ്ടാവണമെന്നും  ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു. ഇക്കാര്യങ്ങളിൽ അധ്യാപകർ ക്കുണ്ടാവുന്ന ആശങ്കകളെയും സംശയങ്ങളെയും കുറിച്ചും വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വം നൽകുന്നതിനും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് അവരെ സംരക്ഷിക്കുകയും വിദ്യാർത്ഥികളിലെ അമിത മൊബൈൽഫോൺ ഉപയോഗം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എന്നിവ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ, കുട്ടികളിലേയും യുവാക്കളിലേയും മയക്കുമരുന്ന് ഉപയോഗം, പുകയില ഉത്പന്നങ്ങളുടെ  ഉപയോഗം എന്നിവ തടയുന്നതിനുള്ള മാർഗങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ അദ്ദ്യാപകർ ചെയ്യേണ്ടതായ നിയമപരമായ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും  യോഗത്തിൽ ചർച്ച ചെയ്തു.*

*മാനസിക-വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും  തിരിച്ചറിഞ്ഞ് അവരെ പഠനത്തിൽ മികവുള്ളവരാക്കാനും, ലഹരിയുടെ ചതിക്കുഴികളിലേയ്ക്കും, ക്രിമിനൽ പ്രവർത്തനങ്ങളിലേയ്ക്കും വഴി തെറ്റി പോകുന്നവരെ കണ്ടെത്തി അവർക്ക് തിരിച്ചറിവ് നൽകി പഠനത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിനുള്ള നടപടികൾ അധ്യാപകർ കൈക്കൊള്ളണമെന്നും പെൺകുട്ടികളെ വനിതാ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദ്യാർത്ഥികളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വഭാവികമായി  എന്തെങ്കിലും ശ്രദ്ധയിപ്പെട്ടാൽ സ്വന്തം മക്കളെ ശ്രദ്ധിക്കുന്നതുപോലെ അവരെ ശ്രദ്ധിച്ച് അതിന്റെ കാരണം കണ്ടെത്തി പ്രതിവിധികൾ കണ്ടെത്തണമെന്നും  ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.*

*MDMA മുതലായ രാസ ലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണെന്നും ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെട്ട് പോകുന്ന സാഹചര്യമുണ്ടെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണം. സർവനാശം വിതയ്ക്കുന്ന ലഹരിക്കെതിരേ അധ്യാപകർ ജാഗ്രത പാലിക്കണം. ലഹരി പദാർഥങ്ങളോട് എളുപ്പത്തിൽ ചായ്‌വ് ഉണ്ടാവുന്ന സാഹചര്യമാണോ കുട്ടിക്ക് എന്ന് നിരീക്ഷിക്കണം. കുട്ടിക്ക് ഉണ്ടാകുന്ന പെരുമാറ്റ പ്രശ്നങ്ങൾ നേരത്തെ കണ്ടറിഞ്ഞ് പരിഹരിക്കണം. ലഹരി ആദ്യമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തിയാൽ അധ്യാപകരുടെ പ്രതികരണം പ്രധാനമാണ്. കുട്ടി ക്ഷമിക്കാനാവാത്ത വിധം കുറ്റം ചെയ്തുവെന്ന മട്ടിൽ തട്ടിക്കയറരുത്. തെറ്റ് ചെയ്തതിലാണ് അതൃപ്തി വേണ്ടത്.’ തെറ്റ് ചെയ്ത കുട്ടിയിൽ അല്ല. അവരെ ലഹരിയുടെ ദൂഷ്യഫലങ്ങൾ പറഞ്ഞ് മനസിലാക്കി അതിൽ നിന്നും പിന്തിരിപ്പിക്കണം. എങ്ങനെയാണ് അവർ ലഹരി ഉപയോഗിക്കാൻ ഇടയായതെന്ന് അനുതാപപൂർവം അന്വേഷിച്ചറിയണം. അവർക്ക് ലഹരി എത്തിച്ച് നൽകിയവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കുന്നതിനായി വിവരം കൈമാറണം.* ലഹരി ഉപയോഗമോ, വിൽപനയൊ ആയി ബന്ധപ്പെട്ട എതൊരു വിവരവും YODHAV: 9995966666 WHATS APP നമ്പറിൽ   അറിയിക്കണമെന്നും അത്തരം വിവരങ്ങൾ തരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.

*അധ്യാപകർക്കും വിധ്യാർത്ഥികൾക്കും നിയമ അവബോധം നൽകുന്നതിനുള്ള ക്ലാസുകൾ എല്ലാ വിദ്ദ്യാലയങ്ങളിലും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.*

*എല്ലാ വിദ്യാലയങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അധികൃതർക്ക് വിവരങ്ങൾ അറിയിക്കുന്നതിനായും വിദ്യാലയത്തിന്റെ ചുമതല  അതാത്  പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്ദ്യോഗസ്ഥനെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.*

*എല്ലാ വിദ്യാലയങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിനും ലഹരി പദാർത്ഥങ്ങൾ കണ്ടാൽ തിരിച്ചറിയുന്നതിനുള്ള ട്രെയിനിങ്ങ് നൽകുന്നതിനും തിരുമാനിച്ചു.*

ലഹരിയ്ക്കും, ലൈംഗികചൂഷണത്തിനും ഇരായാകാതെ കുട്ടികളെ സംരക്ഷിക്കുന്നതിനും ഏതെങ്കിലും സാഹചര്യത്തിൽ അത്തരം കെണികളിൽ പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്തി നിയമപരമായ നടപടികളും ആവശ്യമെങ്കിൽ *കൗൺസിലിങ്ങ് നൽകുന്നതിനായി അതാത് വിദ്യാലയങ്ങളിലെ Management, PTA എന്നിവയിൽ ചർച്ച ചെയ്ത് എല്ലാ വിദ്യാലയങ്ങളിലും കൗൺസിലിങ്ങ് ചെയ്യുന്നതിനായി കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള* നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

നിലവിൽ കൗൺസിലിങ്ങ് നൽകുന്നതിനായി ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ DYSP ഓഫീസുകളിലും, വനിതാ സെല്ലിലും ഉള്ള സൗജന്യ കൗൺസിലിങ്ങ് സെന്ററുകളെ ഉപയോഗപ്പെടുത്താമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കും, കൂടാതെ വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്കും FITNESS ഉണ്ടെന്നും,  വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും  പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC)  ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും, ക്രമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ വിദ്യാലയങ്ങളിൽ ജീവനക്കാരായി നിയമിക്കാൻ പാടില്ല എന്നും തീരുമാനിച്ചു. വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്ക് പോലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തുവാനും തീരുമാനിച്ചു. വിദ്യാലയങ്ങളിലെ ക്രിമിനൽ സ്വഭാവമുള്ളവർ കയറിക്കൂടുന്നത് വിദ്യാലയസുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇക്കാര്യങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും തീരുമാനിച്ചു.

എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി WHATS APP ഗ്രൂപ്പുകൾ തുടങ്ങുവാനും വിദ്യാർത്ഥികൾ Absent ആയാൽ ഉടൻ തന്നെ വിവരം രക്ഷാകർത്താക്കളെ അറിയിക്കുവാനുമുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.

വിദ്യാർത്ഥികൾ വിദ്യാലയങ്ങളുടെ കോമ്പൗണ്ടിനകത്ത് മാത്രമല്ല കോമ്പൗണ്ടിന് പുറത്തും സുരക്ഷിതരായിരിക്കുന്നതിനുള്ള പോലീസിന്റെ ഭാഗത്ത് നിന്നുള്ള നിയമപരമായ നടപടികൾ ഉണ്ടാവുമെന്നും ആയത് വിലയിരുത്തുന്നതിനായി എല്ലാ വിദ്യാലയങ്ങളും അതാത് പോലീസ് സ്റ്റേഷൻ SHO മാർ വിദ്യാലയങ്ങൾ സന്ദർശിച്ച് ഇക്കാര്യങ്ങൾ ജൂൺ 30 ന് മുമ്പ് തന്നെ വിലയിരുത്തണമെന്നും തീരുമാനിച്ചു.

*സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ (SPG) ഇല്ലാത്ത എല്ലാ വിദ്യാലയങ്ങളിലും അധ്യയന വർഷം തുടങ്ങി 7 ദിവസത്തിനകം SPG  തുടങ്ങുന്നതിനായി തീരുമാനിച്ചു. 2 മാസത്തിൽ ഒരിക്കൽ മീറ്റിങ്ങ് കൂടുവാനും തുടക്കത്തിൽ 2 ആഴ്ചയിലൊരിക്കൽ മീറ്റിങ്ങ് കൂടുവാനും തീരുമാനിച്ചു.*

വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സമാധാനപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും, സ്കൂൾ പരിസരത്ത് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും കൂടാതെ മയക്കുമരുന്നുകൾ, പുകയില ഉൽപന്നങ്ങൾ, പാൻ മസാല, ലഹരിപാനീയങ്ങൾ മുതലായവയുടെ വിതരണവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും അവ അധികൃതരെ അറിയിക്കുന്നതിനുമായി  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തതത്തോടെ കേരള പോലീസ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് സ്കൂൾ & കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതി (SPG & CPG).                                                      

പ്രധാന അധ്യാപകൻ ചെയർമാനായി, പോലീസ് ഇൻസ്‌പെക്ടർ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ കൺവീനറായി, PTA പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപക പ്രതിനിധികൾ, പ്രാദേശിക കട ഉടമകൾ, പരിസരത്തെ താമസക്കാർ, ഡ്രൈവർമാർ തുടങ്ങിയവർ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.
സ്കൂൾ & കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രധാന ചുമതലകളിൽ ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതും, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങളുടെ വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതും ഉൾപ്പെടുന്നു. കൂടാതെ, സ്കൂൾ സമയത്ത് അനധികൃതമായി ക്ലാസ് വിട്ട് പോകുകയും സമീപത്ത് അലഞ്ഞുതിരിയുകയും ചെയ്യുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതും, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂൾ പരിസരത്തെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുന്നു.

*കേരളാ പോലീസിന്റെ അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ വിളിക്കാവുന്ന Emergency Response support System (ERSS) നെക്കുറിച്ചും  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS വിശദീകരിച്ചു.*

*ERSS ഹെല്പ് ലൈൻ നമ്പർ : 112*
തൃശ്ശൂർ റൂറൽ ജില്ലയിൽ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന ഏതൊരു സഹായാഭ്യർത്ഥനയും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കേൾക്കുകയും, പരമാവധി വേഗത്തിൽ കാര്യക്ഷമമായ രീതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കുവാനും, സന്ദേശം അയയ്ക്കുന്ന ആൾക്കോ, ഇരയ്ക്കോ ത്വരിതവും, കാര്യക്ഷമവുമായ സേവനം ലഭിക്കുന്നതിനും അവരുടെ പരാതി പൂർണ്ണമായും പരിഹരിക്കപ്പെടുന്നതു വരെ ആവശ്യമായ പിന്തുണ നൽകുന്നതിനും തൃശ്ശൂർ റൂറൽ പോലീസിന് സാധിക്കുന്നുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, ഐ.പി.എസ്. നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ നേട്ടത്തിന് പിന്നിൽ.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറിൽ നിന്നു പോലും എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്.
അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം

+ There are no comments

Add yours