ആറാട്ടുപുഴ ക്ഷേത്രത്തിന്റെ  അഴക് മിനുക്കാൻ സേലം ഭക്തർ എത്തി*

Estimated read time 1 min read

*ആറാട്ടുപുഴ ക്ഷേത്രത്തിന്റെ  അഴക് മിനുക്കാൻ സേലം ഭക്തർ എത്തി*

ആറാട്ടുപുഴ: തീർത്ഥാടനത്തിന്റെ ഭാഗമായി  സേലത്തു നിന്നുള്ള ഇരുപത്തിയഞ്ച്  പേരുടെ ഒരു ഭക്തസംഘം    ആറാട്ടുപുഴ ക്ഷേത്രത്തിൽ എത്തി. എല്ലാവർഷവും ആറാട്ടുപുഴ പൂരത്തിന് മുമ്പാണ് ഇവർ എത്താറുള്ളത്.
ക്ഷേത്രവും അനുബന്ധ  സാധന സാമഗ്രികളും  വൃത്തിയാക്കി ദേവന് സമർപ്പിക്കുന്നതാണ് ഇവരുടെ തീർത്ഥാടന ലക്ഷ്യം. രണ്ടു ദിവസത്തെ സേവനമാണ് അവരുടെ  സമർപ്പണം.

ക്ഷേത്രത്തിലെ  വിവിധ തരത്തിലുള്ള വിളക്കുകൾ, പറകൾ, കൈപ്പന്തത്തിന്റെ നാഴികൾ, ദീപസ്തംഭങ്ങൾ, കലശകുടങ്ങൾ, കുത്തുവിളക്കുകൾ, ആലിലവിളക്ക്, സോപാനം, ബലികല്ലുകൾ, നമസ്കാര മണ്ഡലത്തിലെ തൂണുകൾ, പിച്ചള പൊതിഞ്ഞ വിളക്കുമാടം, ഓട്ടുചെരാതുകൾ, ഗോപുരത്തിലെ തൂണുകൾ, തൃപ്പടികൾ, ചുറ്റമ്പല വാതിലുകൾ, തുടങ്ങിയവ വൃത്തിയാക്കി സ്വർണ്ണവർണ്ണമാക്കി. ചുറ്റമ്പല നടവഴിയും വിളക്കുമാടത്തറയും നടപ്പുരയും മനോഹരമാക്കിയിട്ടുണ്ട്.

വിദ്യാർഥികൾ,  അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, വ്യവസായികൾ, സർവീസിൽ നിന്നും  വിരമിച്ചവർ  എന്നിവരടങ്ങുന്ന  സംഘത്തിൽ 11 സ്ത്രീകളും 9 പുരുഷന്മാരും 3 കുട്ടികളുമുണ്ട്.   സേലം സ്വദേശിയായ  പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായാണ് ശുചീകരണ  പ്രവർത്തികൾ നടന്നത്. ആറാട്ടുപുഴ ക്ഷേത്ര ഉത്സവാഘോഷ കമ്മിറ്റി
ഭക്തർക്ക് ഓണപ്പുടവകൾ
സമ്മാനിച്ചു.

+ There are no comments

Add yours