
കേരളം ഞെട്ടിയ ഇലന്തൂർ ഇരട്ടനരബലി പുറംലോകമറിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം. കേസിൽ പ്രതികളായ ഭഗവൽസിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും ഇപ്പോഴും റിമാൻഡ് തടവിലാണ്. നരബലി നടന്ന വീടാകെ കാട് മൂടിയെങ്കിലും ഇപ്പോഴും സന്ദർശകർ എത്തുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു. കേസിൽ 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം നൽകിയെങ്കിലും കേരളത്തെ നടുക്കിയ പ്രാകൃതമായ കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ചിട്ടില്ല.
കുടുംബത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് മനുഷ്യരെ ബലി നൽകി കൊലപ്പെടുത്തിയെന്നത് കേരളം നടുക്കത്തോടെ കേട്ട സംഭവമാണ്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്റെ പരകോടിയിലായിരുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയുമായിരുന്നു മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയത്. ഇലന്തൂരിലെ വീട്ടിലൊരുക്കിയ ആഭിചാര കളത്തിലേക്ക് നിരാലംബരായ രണ്ട് സ്ത്രീകളെ പണം വാഗ്‌ദാനം ചെയ്ത് എത്തിച്ചത് കൊച്ചിയിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദ് ഷാഫിയാണ്. ലോട്ടറി കച്ചവടക്കാരായ തമിഴ്‌നാട് സ്വദേശി പദ്മയും വടക്കാഞ്ചേരിയിലെ റോസ്ലിനുമായിരുന്നു ഇരകൾ.


+ There are no comments
Add yours