സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കുന്നതിനുള്ള നടപടികളിലേക്കാണ് ഇഡി നീങ്ങുന്നത്. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.
അതേസമയം, കേസിന്റെ ഭാഗമായി കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ആസ്ഥാനത്ത് എസ്ഐടി നടത്തിയ പരിശോധന 21 മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. പരിശോധനയിൽ വിവിധ രേഖകളും മെമ്മറി കാർഡും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരിശോധനയ്ക്കിടെ കൂടുതൽ വിദേശ കറൻസി കണ്ടെത്തിയതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ എസ്ഐടി തലവൻ വിശദീകരണം നൽകുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ അറിയിച്ചു. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി.കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടിയ സംഭവത്തിൽ ആന്റോ അഗസ്റ്റിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങളും പുറത്തുവന്നു.








+ There are no comments
Add yours