തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ…

Estimated read time 1 min read

രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള കാലാവധി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ളത് പറഞ്ഞുതീർക്കേണ്ട ചില വിഷയങ്ങൾ മാത്രമാണെന്നും നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണെന്നും വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചില ഘട്ടങ്ങളിൽ നിരാശകളുണ്ടാകാമെന്നും ജയകുമാർ പറഞ്ഞു. എന്നാൽ മന്ത്രിക്കും ദേവസ്വം ബോർഡിനും ഇടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശയങ്ങൾ കൈമാറുന്നതിനിടെ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത് പരസ്പരം പറഞ്ഞ് മനസ്സിലാക്കുമെന്നും ജയകുമാർ പറഞ്ഞു. കാലാവധി പൂർത്തിയാക്കിയിട്ടേ ഇറങ്ങൂ- എന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. അതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയും വിയോജിപ്പും ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നേരത്തെ പരസ്യമാക്കിയിരുന്നു.തിരുവോണദിവസം ഒരേ പന്തിയിൽ രണ്ട് തരത്തിലുള്ള സദ്യ വിളമ്പിയ സംഭവത്തെ എടുത്തുപറഞ്ഞായിരുന്നു മന്ത്രിയുടെ വിമർശനം. ദേവസ്വം ബോർഡിന്റെ പ്രവർത്തനത്തിൽ തനിക്ക് സംതൃപ്തിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾ സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെയാണ് കെ. ജയകുമാറിന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

+ There are no comments

Add yours