വന്ദേമാതരം ആലപന ഉത്തരവിൽ യു ഡി എഫിൽ ഭിന്നത; ആദ്യഭാഗം മാത്രമേ ചൊല്ലൂയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി; സർക്കാരിന്റെ അറിവോടെയാണോ ഉത്തരവ് പുറത്തിറക്കിയത് എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലികുട്ടി
കൊച്ചി: വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമേ ചൊല്ലുകയുള്ളൂവെന്നും ഇത് തന്നെയാണ് യുഡിഎഫിന്റെയും യുപിഎയുടെയും അഖിലേന്ത്യാ തലത്തിലുള്ള നയമെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന്റെയും മുന്നണിയുടെയും സാധാരണ നടപടിക്രമം അനുസരിച്ച് ഗാനത്തിന്റെ ആദ്യഭാഗം മാത്രമാണ് കാലാകാലങ്ങളായി ആലപിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം പൂർണമായും ചൊല്ലണം എന്ന തരത്തിൽ ചീഫ് സെക്രട്ടറി ഇറക്കിയ പുതിയ നിർദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയുടെ നിർദേശത്തിന്റെ പൂർണമായ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്റെ അറിവോടെയാണോ ഈ നിർദേശം പുറത്തിറക്കിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
സത്യപ്രതിജ്ഞാ വേളയിലും നിയമസഭയിലും വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നയം മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അഖിലേന്ത്യാ തലത്തിൽ യുപിഎയും കോൺഗ്രസും യുഡിഎഫും സ്വീകരിച്ചുപോരുന്ന നയം തന്നെയാണ് ഇപ്പോഴുമുള്ളത്. പുതിയ നിർദേശങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ മറ്റു കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം വിശദീകരിക്കാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായും കർശനമായും ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിയുടെ ഭാഗത്ത് നിന്നും പുറത്തുവന്നത് രാജ്ഭവന്റെ ഇടപെടൽ മൂലമാണെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു. രാജ്ഭവനിൽ നിന്നോ ഗവർണറിൽ നിന്നോ ഒരു നിർദേശം വരുമ്പോൾ അത് ബന്ധപ്പെട്ടവർക്ക് കൈമാറുക മാത്രമാണ് ചീഫ് സെക്രട്ടറി ചെയ്തത്. ഇത് സംസ്ഥാന സർക്കാർ പുതുതായി ഉണ്ടാക്കിയതോ നൽകിയതോ ആയ നിർദേശമല്ല. വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ കർശന നിർദേശങ്ങളും പുതിയ നിയമങ്ങളും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







+ There are no comments
Add yours