പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി വലയിൽ; നാടകീയ അറസ്റ്റ് അർധരാത്രിയിൽ

Estimated read time 0 min read

പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി വലയിൽ; നാടകീയ അറസ്റ്റ് അർധരാത്രിയിൽ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര വകുപ്പ് മന്ത്രിയെയും, പോലീസിനെയും തുറന്നു വെല്ലുവിളിച്ച അർജുൻ ആയങ്കി ഒടുവിൽ പോലീസ് വലയിലായി.

കണ്ണൂരിലെ ഒരു അപ്പാർട്ട്‌മെന്റിൽ നിന്ന് അർധരാത്രിയോടെ വൻ പോലീസ് സന്നാഹമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി കണ്ണൂർ തളിപ്പറമ്പിലെ ഒരു ചെറിയ ലോഡ്ജിലായിരുന്നു ആയങ്കി തങ്ങിയിരുന്നത്.

എന്നാൽ പോലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ ഇയാൾ, ഇന്നലെ ഉച്ചയോടെ ഒരു ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി തന്റെ സുഹൃത്തിനെ വിളിച്ച് കാറുമായി എത്തുവാൻ ആവശ്യപ്പെട്ടു.

തുടർന്ന് എത്തിയ കാറിൽ സുഹൃത്തിനൊപ്പം കയറിപ്പോയ യാത്രക്കാരനിൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയും, ഇയാൾ തന്റെ ഫോണിൽ നിന്നാണ് സംസാരിച്ചതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

ഈ മൊഴിയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പാതയോരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്, കാർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലേക്ക് പോയതായി കണ്ടെത്തി.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയങ്കി ഈ അപ്പാർട്ട്‌മെന്റിലെ അഭിഭാഷക ദമ്പതിമാരുടെ താമസസ്ഥലത്ത് പ്രവേശിച്ചതായി പോലീസ് ഉറപ്പിച്ചു. തുടർന്ന് വൈകിട്ട് ഒമ്പതു മണിയോടെ പോലീസ് അവിടെ എത്തിയെങ്കിലും, ആയങ്കി അവിടെയില്ലെന്ന് അഭിഭാഷകർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം താൽക്കാലികമായി പിൻവാങ്ങി.

എന്നാൽ അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഒന്നുകൂടി പരിശോധിച്ചപ്പോൾ, ഉച്ചയ്ക്ക് മൂന്ന് മണിക്ക് നീല ജാക്കറ്റ് ധരിച്ച അർജുൻ ആയങ്കി ഉള്ളിലേക്ക് പ്രവേശിക്കുന്നത് വ്യക്തമായി. ഇതോടെ ഇയാൾ അവിടെത്തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച പോലീസ്, രാത്രിയോടെ കൂടുതൽ സന്നാഹങ്ങളുമായി അപ്പാർട്ട്‌മെന്റ് വളഞ്ഞു.

പുലർച്ചെ ഒരു മണിയോടെ പോലീസ് വീണ്ടും വാതിലിൽ മുട്ടിയപ്പോൾ അർജുൻ ആയങ്കി തന്നെയാണ് കതക് തുറന്നത്. പിടിയിലാകുന്ന സമയത്ത് ചെറിയ രീതിയിൽ ബലപ്രയോഗത്തിന് ആയങ്കി മുതിർന്നുവെങ്കിലും, വൻ പോലീസ് സംഘത്തിന് മുന്നിൽ ഇയാൾക്ക് കീഴടങ്ങേണ്ടി വരികയായിരുന്നു.

+ There are no comments

Add yours