70 പേര്‍ കയറേണ്ടിടത്ത് യാത്ര ചെയ്യുന്നത് 140 പേര്‍ വരെ; പ്രിയദര്‍ശിനി സൗജന്യയാത്ര അപകടഭീതിയെന്ന് ബസ് ജീവനക്കാര്‍

Estimated read time 1 min read

യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ പ്രാബല്യത്തിൽ വന്ന സ്ത്രീകൾക്കുള്ള സൗജന്യയാത്ര ഹിറ്റായി ഓടുന്നതിനിടയിൽ ആശങ്കപ്പെടുത്തുന്ന വാർത്തകളും പുറത്തുവരുന്നു. സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് റൂട്ടിലോടുന്ന ബസ് ജീവനക്കാർ വലിയ ആശങ്കയാണ് ഇത് സംബന്ധിച്ച് പങ്കുവെക്കുന്നത്. അതിരാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് മുതൽ വൈകുന്നേരം 4.20 നുള്ള ട്രിപ്പ് വരെ ഹൗസ് ഫുൾ ആയി തന്നെയാണ് ബസിന്റെ യാത്ര. ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടവും പൂപാടങ്ങളും കാണാൻ കണ്ണൂർ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് എത്തുന്നവരാണ് ബത്തേരി നഗരത്തിലെ സ്റ്റാന്റിൽ പ്രിയദർശിനി ബസ് കയറാൻ കാത്തുനിൽക്കുന്നത്.

രാവിലെ ഏഴുമണി മുതൽ തന്നെ ബസ് അമിത ലോഡുമായാണ് യാത്ര. തുടർന്ന് ഒമ്പത് മണിക്കും 10.20നും ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും 2.20നും ഉള്ള യാത്രകളെല്ലാം ഒരു ബസിൽ കൊള്ളാവുന്നതിലുമധികം യാത്രക്കാരുമായാണ് പോകാറുള്ളതെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അമിതലോഡിൽ ബസിന്റെ ടയറും ജോയിന്റും പൊട്ടുന്ന സംഭവങ്ങൾ വരെ ഉണ്ടായതായി ഇവർ ചൂണ്ടിക്കാട്ടുന്നു. അമ്പത് പേർ ഇരുന്നും 20 പേർ നിന്നും യാത്ര ചെയ്യാൻ അനുമതിയുള്ള ബസിൽ 140 പേർ വരെ യാത്ര ചെയ്യുന്നുണ്ട്. ചിലപ്പോൾ ഗുണ്ടൽപേട്ട് സ്റ്റാൻഡിലെത്തിയിട്ടും കൂട്ടത്തോടെ സ്ത്രീകൾ ബസിൽ നിന്നിറങ്ങുക പോലും ചെയ്യാതെ, ഇതേ ബസിൽ ഇവർ തിരികെ വന്ന അനുഭവവും ജീവനക്കാർ പങ്കുവയ്ക്കുന്നുണ്ട്.

+ There are no comments

Add yours