പരോളില്ല, നല്ല ഭക്ഷണമില്ല… ജയിൽജീവിതം മടുത്തു… ജയിൽച്ചാട്ടത്തിന്റെ കാരണം നിരത്തി ഗോവിന്ദച്ചാമി. മൂന്നുതവണ ജയിൽ ചാടാൻ ശ്രമിച്ചിട്ടുണ്ടെന്നും പോലീസിന് നൽകിയ മൊഴിയിലുണ്ട്. ‘‘15 വർഷമായി ജയിലിൽ കിടക്കുന്നു. ബലാത്സംഗംമാത്രമാണ് ചെയ്തത്. ഒരു തവണപോലും പരോൾ അനുവദിച്ചില്ല.’’ -ഗോവിന്ദച്ചാമി ആവശ്യങ്ങളും പരാതികളും പോലീസിനു മുന്നിൽ നിരത്തി.
ഇരുമ്പഴി മുറിക്കാൻ ഉപയോഗിച്ച അരം മൂന്നുവർഷം മുൻപ് ജയിലിലെ മരപ്പണിക്കാരുടെ പക്കൽനിന്നു മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ഇത് സെല്ലിൽ സൂക്ഷിച്ചുവെക്കുകയായിരുന്നു.

ഗോവിന്ദച്ചാമി ജയിൽ ചാടിയത് എട്ട് മാസത്തെ ആസൂത്രണത്തിനൊടുവിലാണ്. കനത്ത മഴയുള്ള രാത്രി ജയിൽചാട്ടത്തിന് തിരഞ്ഞെടുത്തതിൽ ഈ ആസൂത്രണമുണ്ട്. ജയിൽചാട്ടം സുഗമമാക്കാൻ തടി കുറയ്ക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച രാത്രി സെല്ലിനുള്ളിൽ രാത്രി ഒരുമണിവരെ ഗോവിന്ദച്ചാമി മൂടിപ്പുതച്ച് കിടന്നുറങ്ങുണ്ടായിരുന്നുവെന്നാണ് വാർഡൻ പറയുന്നത്. എന്നത്തേയുംപോലെ ചുവരിനോട് ചേർന്നുതന്നെയായിരുന്നു കിടത്തം. ഇതിനിടെ പത്താം ബ്ലോക്കിലെ സെല്ലിൽ വെളിച്ചമില്ലെന്ന് പരാതി വരുന്നു. പിന്നാലെയാണ് വാർഡൻ സെല്ലിനടുത്തെത്തി ടോർച്ചടിച്ചു നോക്കിയത്. ഗോവിന്ദച്ചാമി പതിവുശൈലിയിൽ പുതച്ചുമൂടി അവിടെത്തന്നെയുണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്.

മുൻപ് പുറത്തുവന്നിരുന്ന ചിത്രങ്ങളിൽ കണ്ടിരുന്നതിനേക്കാൾ മെലിഞ്ഞ രൂപത്തിലാണ് ഇപ്പോൾ പിടിയിലായ ഗോവിന്ദച്ചാമിയുടെ ദൃശ്യങ്ങൾ. ഇയാൾ ഏതാണ്ട് പകുതിയോളം ഭാരം കുറച്ചിരുന്നെന്നാണ് സൂചന. ജയിൽ ചാടാൻവേണ്ടി ഭക്ഷണം ക്രമീകരിച്ചതിലൂടെയാണ് ഈ ശരീരപ്രകൃതിയിലേക്ക് ഗോവിന്ദച്ചാമി എത്തിയതെന്നാണ് വിവരം. മനഃപൂർവം ഭക്ഷണം ചുരുക്കിയും ചിലനേരത്ത് കഴിക്കാതിരുന്നും ശരീരഭാരം കുറയ്ക്കുകയായിരുന്നു. കമ്പികൾക്കിടയിലൂടെ നൂഴ്ന്നിറങ്ങാനുള്ള സാധ്യതകൂടി പരിഗണിച്ചായിരുന്നു ഈ നീക്കം. ദീർഘനാളായി ചോറ് കഴിച്ചിരുന്നില്ല. പകരം ചപ്പാത്തി കഴിച്ചു. ഇതിന് ഡോക്ടറിൽനിന്നുള്ള അനുവാദവും ലഭിച്ചിരുന്നുവെന്നാണ് വിവരം.
തുണി ഉപയോഗിച്ചാണ് ജയിലിന്റെ രണ്ട് മതിലുകൾ ചാടിക്കടന്നത്. ഇതിനായി ജയിലിൽ പലരും ഉണക്കാനിട്ടിരുന്ന താരതമ്യേന നീളം കൂടി ബെഡ് ഷീറ്റുകൾ ഉൾപ്പെടെ ഇയാൾ സംഘടിപ്പിച്ചിരുന്നു. ജയിലിനകത്ത് നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കേ ഹാക്‌സോ ബ്ലേഡ് തന്ത്രത്തിൽ കൈക്കലാക്കി. അതുപയോഗിച്ചാണ് താഴെ നിരയിലുള്ള കമ്പി അറുത്തത്. കഴിഞ്ഞ ഒരുമാസമായി രാത്രി ഈ കമ്പികൾ മുറിച്ചുകൊണ്ടിരിക്കുകയായിരുന്നത്രേ. ഇന്നലെ രാത്രിയോടെ അത് പൂർണമായും മുറിച്ചുമാറ്റിയെന്നും ജയിൽ അധികൃതർ പറയുന്നു. ഇരുമ്പുകമ്പിയുടെ കട്ടി കുറയ്ക്കാൻ ഉപ്പുവെച്ച് തുരുമ്പിപ്പിച്ചെന്നും പറയപ്പെടുന്നു. കമ്പി വളച്ച വിടവിലൂടെ പുറത്തുചാടാൻ മെലിഞ്ഞ ശരീരം സഹായിച്ചു.


+ There are no comments
Add yours