*ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ്*
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിൻ്റെ ഭാഗമായുള്ള കൂട്ടിയെഴുന്നെള്ളിപ്പ് ഭക്തിനിർഭരമായി. 42 ആനകൾ കൂട്ടിയെഴുന്നെള്ളിപ്പിൽ അണിനിരന്നു.
പൂരം ദിവസം അർദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായതോടെ ദേവമേളക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തി. പല്ലിശ്ശേരി സെൻറർ മുതൽ പൂരപ്പാടം വരെ അഞ്ച് ആനകളുടേയും അവിടെ നിന്നും കൈതവളപ്പ് വരെ തേവർക്ക് 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യവും തുടർന്ന് 21 ആനകളോടെയുള്ള പാണ്ടിമേളവുമുണ്ടായി. പാണ്ടി മേളം അവസാനിച്ചതോടെ ഇടതുവശത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മതിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും അണിനിരന്നു. വൈകുണ്ഠത്തിൽ അനന്തശായിയായ മഹാവിഷ്ണു ലക്ഷ്മീദേവിയോടും ഭൂമിദേവീയോടുംകൂടി വിരാജിക്കുകയാണെന്ന സങ്കൽപം.
ഭൂമിദേവിയോടും ലക്ഷ്മിദേവിയോടും കൂടി എഴുന്നെള്ളി നില്ക്കുന്ന തേവരെ പ്രദക്ഷിണംവെച്ചു തൊഴുന്നത് സർവ്വദോഷഹരവും സർവാഭീഷ്ടദായകവുമാണ്.
ദൃശ്യശ്രാവ്യസുന്ദരമായ ഈ കൂട്ടിഎഴുന്നള്ളിപ്പിന് സാക്ഷ്യംവഹിക്കാൻ പരസഹസ്രം ഭക്തജനങ്ങൾ ഒത്തുചേർന്നു. ഏഴു മണി വരെ ഇരുഭാഗങ്ങളിലും പാണ്ടിമേളമായിരുന്നു.
*ആറാട്ടിലാറാടി ഭക്തർ*
ആറാട്ടുപുഴ പൂരം ദിവസം അർദ്ധരാത്രിമുതൽ മന്ദാരക്കടവിൽ ഗംഗാ ദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണ് സങ്കല്പം. തേവർ കൈതവളപ്പിൽ വന്നതോടെ ദേവിമാരുടെ ആറാട്ട് തുടങ്ങി. വിഷഹാരിയായ കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയാണ് ആദ്യം ആറാടയത്. തുടർന്ന് മറ്റു ദേവിമാരും ആറാടി. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം വിളക്കാചാരം, കേളി,പറ്റ് എന്നിവ കഴിഞ്ഞാണ് തേവരും ഊരകത്തമ്മത്തിരുവടിയും ചേർപ്പ് ഭഗവതിയും ആറാട്ടിനായി പരിപാവനമായ മന്ദാരം കടവിലേക്ക് എഴുന്നെള്ളിയത്. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള മണ്ഡപത്തിൽ ദേവീദേവന്മാരെ ഇറക്കിയെഴുന്നള്ളിച്ചു. ഊരകം, തൃപ്രയാർ, അന്തിക്കാട് ,ചേർപ്പ് ക്ഷേത്രങ്ങൾക്ക് വിശാലമായ മന്ദാരം കടവിൽ മണ്ഡപം ഉണ്ടാക്കുന്നതിനുള്ള അവകാശമുണ്ട്. ഇത്രയധികം ദേവതമാരും ഭക്തജനങ്ങളും പങ്കെടുക്കുന്ന ആറാട്ട് കേരളത്തിലത്യപൂർവ്വമാണ്.
പരമപവിത്രമായ ഈ ആറാട്ടിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു നിർവൃതിയടഞ്ഞു. ആറാട്ടിനുശേഷം ഊരകത്തമ്മതിരുവടിയും തൃപ്രയാർ തേവരും ഒരുമിച്ച് ആറാട്ടുപുഴ ക്ഷേത്രത്തിലേക്കുള്ള വഴിമദ്ധ്യേ ശംഖ് മുഴക്കി. ഊരകത്തമ്മതിരുവടിയാണ് ആറാട്ടുപുഴക്ഷേത്രം ആദ്യം പ്രദക്ഷിണം വെച്ചത് . ആറാട്ടുപുഴ ക്ഷേത്ര നടപ്പുരയിൽ വെച്ച് നിറപറകൾ സമർപ്പിച്ച് തേവരേയും ഭഗവതിമാരേയും എതിരേറ്റു.
*ഓചാരവും പൂര വിളംബരവും*
തൃപ്രയാർ തേവർ ആറാട്ടിന് മന്ദാരം കടവിലേക്ക് എഴുന്നെള്ളിയപ്പോൾ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നെള്ളി. ക്ഷേത്രം പ്രദക്ഷിണം വെച്ച് യാത്രയായ ദേവീദേവന്മാർക്ക് ശാസ്താവ് ഉപചാരം പറഞ്ഞു.
ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും തേവർക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടി പോയി. തേവരും ശാസ്താവും തമ്മിൽ ഏഴ് ഉപചാരങ്ങൾ ഉണ്ട്. അതിന് ശേഷമായിരുന്നു പൂരം വിളംബരം. ആറാട്ടുപുഴ ശാസ്താവിന്റ ജൌതിഷികൻ ആറാട്ടുപുഴ കണ്ണനാംകുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച അടുത്ത വർഷത്തിലെ പൂരത്തിന്റെ തീയതി ആറാട്ടുപുഴ ദേവസ്വം അധികാരി മൂന്ന് തവണ വിളംബരം ചെയ്തു. 1444 -ാ മത് ആറാട്ടുപുഴ പൂരം 1201 മീനം 16 (2026 മാർച്ച് 30) തിങ്കളാഴ്ച ആണ്.
രാജകീയ കിരീടത്തിന്റെ സൂചകമായ മകുടം ഒഴിവാക്കിയായിരുന്നു തേവരുടെ മടക്കയാത്ര. അടുത്ത വർഷത്തെ മീനമാസത്തിലെ പ്രതീക്ഷയുമായി ഈറനണിഞ്ഞ കണ്ണുകളോടെ ഭക്തർ ശാസ്താവിന് അകമ്പടിയായി ക്ഷേത്രത്തിലേക്ക് മടങ്ങി.
ഭക്തിയുടെ നിറവിൽ ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ്

+ There are no comments
Add yours