പമ്പയിലെ ആശുപത്രിയില്‍ തീർത്ഥാടകർക്ക് ലഭിക്കുന്ന ചികിത്സയില്‍ ഗുരുതര പിഴവെന്ന് പരാതി.
കാലിലെ മുറിവിനുള്ളില്‍ സർജിക്കല്‍ ബ്ലെയ്‌ഡ് വച്ച് കെട്ടിയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് തീർത്ഥാടകയായ നെടുമ്പാശേരി സ്വദേശി പ്രീത.
ഡിഎംഒയ്‌ക്കാണ് പ്രീത പരാതി നല്‍കിയിരിക്കുന്നത്. ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റും ബ്ലെയ്‌ഡ് വച്ച് കെട്ടിയിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പന്തളത്ത് നിന്നും തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം കാല്‍നടയായി പോവുകയായിരുന്നു പ്രീത. പമ്പയിലെത്തിയപ്പോഴേക്കും കാലില്‍ കുമിള പോലെ വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് ചികിത്സിക്കാനാണ് പമ്പ ആശുപത്രിയിലെത്തിയത്. മുറിവ് ആശുപത്രിയില്‍ നിന്ന് കെട്ടിവച്ചശേഷമാണ് പ്രീത സന്നിധാനത്തെത്തി ദർശനം നടത്തിയത്. പിന്നീട് തിരിച്ചിറങ്ങിയപ്പോള്‍ വീണ്ടും മുറിവ് ഡ്രസ് ചെയ്യാനായി ഇതേ ആശുപത്രിയിലെത്തി.
രാത്രിയായതിനാല്‍ തന്നെ ആശുപത്രിയില്‍ എല്ലാവരും ഉറക്കമായിരുന്നു. ഡോക്‌ടറുടെ നിർദേശപ്രകാരം ഒരാളെത്തി മുറിവ് കെട്ടാൻ തുടങ്ങി. സംശയം തോന്നി ചോദിച്ചപ്പോള്‍ താൻ നഴ്‌സിംഗ് അസിസ്റ്റന്റ് ആണ് നഴ്‌സ് സ്ഥലത്തില്ല എന്നായിരുന്നു മറുപടി. ശരിയല്ലാത്ത രീതിയിലാണ് മുറിവ് കെട്ടുന്നതെന്ന് പ്രീതയ്‌ക്ക് തോന്നി. വീട്ടിലെത്തി അസ്വസ്ഥത തോന്നി കെട്ടഴിച്ച് നോക്കിയപ്പോഴാണ് കാലില്‍ സർജിക്കല്‍ ബ്ലെയ്‌ഡ് വച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് പത്തനംതിട്ട ഡിഎംഒയെ ഫോണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു.















+ There are no comments
Add yours