വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് എക്സൈസ് കസ്റ്റഡി ആവശ്യപ്പെട്ടത്. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു, മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, 43.85 ലിറ്റർ മദ്യം കൈവശം വച്ചാൽ 5000 രൂപ പിഴയും തടവും മാത്രമാണ് ശിക്ഷയെന്നും പ്രതിയെ എന്തിനാണ് മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചിരുന്നു.







+ There are no comments
Add yours