തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന.
കൊച്ചി: തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളിലെ സ്റ്റാളുകളിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയും രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറവിലയായ MRPയും ഉദ്യോഗസ്ഥർ പരിശോധിച്ചു. ആരോഗ്യവകുപ്പ്, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക ഉൾപ്പെടെയുള്ള രേഖകളും പരിശോധിക്കും. മാളുകളിൽ മാത്രമല്ല, എയർപോർട്ടുകളിലും സമാനമായ രീതിയിൽ അമിതവില ഈടാക്കുന്നതായി പരാതികളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ എറണാകുളം ജില്ലയിലെ തിയേറ്ററുകളിലാണ് പരിശോധന നടത്തുന്നത്. അതേസമയം, തിയേറ്ററുകളിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതിന് പുറമെ പീക്ക് ടൈമിൽ ടിക്കറ്റ് നിരക്കും വർധിപ്പിക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പ്രതികരിച്ചു. 250 രൂപയുടെ ടിക്കറ്റ് എടുത്ത് 500 രൂപയുടെ പോപ്‌കോൺ വാങ്ങേണ്ട അവസ്ഥയാണ് എന്നായിരുന്നു മേയറുടെ പ്രതികരണം. വിഷയത്തെ സാമൂഹിക പ്രശ്നമായി കണ്ട് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.






















+ There are no comments
Add yours