നഗരമധ്യത്തിൽ കൊല: പ്രതി പിടിയിൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശ്ശൂർ: നഗരമധ്യത്തിൽ സബ്‌വേക്ക് സമീപം ഒരാളെ മർദിച്ചും തലയ്ക്കിടിച്ചും കൊലപ്പെടുത്തി. സംഭവത്തിൽ പ്രതി വലക്കാവ് ചെമ്പൻ ശരത്ത് (35) പിടിയിലായി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.സ്വരാജ് റൗണ്ടിൽ ബാറ്റാ ഷോറൂമിന് സമീപം സബ്‌വേക്ക് സമീപത്തുവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ശരത്ത് മറ്റേയാളെ മർദിച്ചുവീഴ്‌ത്തുകയുമായിരുന്നു. മർദനമേറ്റയാൾ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ശരത്ത് ബലമായി പിടിച്ചുകൊണ്ടുപോയി സബ്‌വേയുടെ സ്റ്റെപ്പിൽ തലയിടിച്ച് പരിക്കേൽപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്.ഗുരുതരപരിക്കേറ്റ ഇയാൾ വൈകീട്ടോടെ മരിച്ചു. 50 വയസ്സ് തോന്നിക്കും. കൂലിപ്പണിക്കായി എത്തിയതാണെന്ന് കരുതുന്നു. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം പരിസരത്തുതന്നെ കറങ്ങിനടന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിപിടി, തല്ലുകേസ്, വഴിതടയൽ തുടങ്ങി അഞ്ചോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. എ.സി.പി. രാജേഷ്, എസ്.ഐ. ജീസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ഈസ്റ്റ് പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.





+ There are no comments
Add yours