ജോലി ഇംഗ്ലണ്ടിൽ ഡോക്ടർ, കസ്റ്റംസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ കണ്ണൂരിലെ യുവതി അയച്ചുകൊടുത്തത് 14 ലക്ഷം; സൈബർ തട്ടിപ്പിൽ കേസ്…

Estimated read time 0 min read

പയ്യന്നൂർ: ഇംഗ്ലണ്ടിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് വാട്‌സ്ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച തട്ടിപ്പുകാരൻ പയ്യന്നൂർ സ്വദേശിനിയായ 38കാരിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു. ചാറ്റിംഗിലൂടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം യുവതിയെ നേരിട്ട് കാണാനായി ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് തട്ടിപ്പുകാരൻ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ എത്തിയ തന്നെ കസ്റ്റംസ് വിഭാഗം തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവിടെ നിന്ന് പുറത്തിറങ്ങാൻ അടിയന്തരമായി പണം ആവശ്യമുണ്ടെന്നും ഇയാൾ യുവതിയെ അറിയിച്ചു.

തട്ടിപ്പുകാരൻ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവതി ഘട്ടംഘട്ടമായി 14 ലക്ഷം രൂപ കൈമാറി. പണം കൈമാറിയതിന് പിന്നാലെ ഇയാളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും മറുപടി ലഭിക്കാതായതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതിക്ക് മനസ്സിലായത്. തുടർന്ന് യുവതി നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചയാളെക്കുറിച്ചും പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അപരിചിതരിൽ നിന്നുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും സാമ്പത്തിക സഹായ അഭ്യർത്ഥനകൾക്കും പിന്നാലെ പണം കൈമാറരുതെന്ന് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പരിചയമില്ലാത്ത വ്യക്തികളുടെ വാഗ്ദാനങ്ങളിലും അടിയന്തര പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

+ There are no comments

Add yours