ജാമ്യം ലഭിച്ചാൽ കുറ്റകൃത്യം ആവർത്തിക്കുമെന്ന് പൊലീസ്; അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്…

Estimated read time 0 min read

ജാമ്യം ലഭിച്ചാൽ കുറ്റകൃത്യം ആവർത്തിക്കുമെന്ന് പൊലീസ്; അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ : അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ്. അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇയാൾ ശ്രമിച്ചേക്കാമെന്നും ജാമ്യം ലഭിക്കുന്നത് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആഭ്യന്തര മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തേണ്ടതിനാൽ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിൽ അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് പുലർച്ചെ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പിൽ നിന്ന് ആദ്യം ഓട്ടോയിലും പിന്നീട് കാറിലുമാണ് ഇയാൾ കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ഇയാളെ പിന്തുടർന്നത്.

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിവിധ ജില്ലകളിലായി 23 കേസുകളാണ് ഇതുവരെ അർജുനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്.

തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുൻ ആയങ്കി നാളെ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. സ്ഥിരം കുറ്റവാളിയെന്ന റിപ്പോർട്ട് നൽകി അർജുനെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പൊലീസ് ആലോചിക്കുന്നുണ്ട്.

+ There are no comments

Add yours