ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ തൂക്കിലേറ്റും: മമത ബാനർജി
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ
കോളേജ് ആശുപത്രിയിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗം ചെയ്ത പ്രതികളെ വേണ്ടിവന്നാൽ തൂക്കിലേറ്റുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കും. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. ഇരയുടെ കുടുംബവുമായി സംസാരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തിട്ടുണ്ടെന്നും അവർ പറഞ്ഞു.
ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരി. യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3നും 6നും ഇടയിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.മെഡിക്കൽ കോളേജിന് പുറത്തുള്ളയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇയാളുടെ പ്രവർത്തികൾ വളരെ സംശയം ഉളവാക്കുന്നതാണെന്നും മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഇയാൾ എത്തിയിരുന്നുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.


+ There are no comments
Add yours