തൃശൂർ എറണാകുളം ജില്ലകളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ആൾ കൊടുങ്ങല്ലൂരിൽ പിടിയിൽ

Estimated read time 1 min read

അറസ്റ്റിലായത് പെൺ സുഹൃത്തിനെ കാണാൻ എത്തിയപ്പോൾ.
അന്വേഷണ സംഘത്തിന് റൂറൽ എസ്.പി.യുടെ പ്രശംസ


തൃശൂർ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു എന്നിവരരുടെ നേതൃത്വത്തിൽ പിടികൂടിയത്. ജൂലൈ ഇരുപത്തിമൂന്നാം തിയ്യതി പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീടിൻ്റെ മുൻവാതിൽ കുത്തിത്തുറന്നു മോഷണം നടത്തിയും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസ്സിലെ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പെൺസുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് പോലീസിൻ്റെ കയ്യിൽ അകപ്പെട്ടത്. ഇൻസ്പെക്ടർ
ഇ.ആർ.ബൈജു, ക്രൈം ടീം അംഗങ്ങളായ സീനിയർ സി.പി.ഒ  സി.ജി.ധനേഷ്, ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്


വളരെ പ്രശംസനീയമായ പ്രവർത്തനമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പടിയൂരിലെ  മോഷണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അരിപ്പാലത്തെ അടഞ്ഞുകിടന്ന വീട്ടിലും  മോഷണം നടന്ന പരാതിയുമായി ഉടമ  കാട്ടൂർ സ്റ്റേഷനിൽ എത്തിയത്. ഇതോടെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കൂടുതൽ മോഷണങ്ങൾ നടന്നിട്ടുണ്ടാകാം  എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്. ഇതനുസരിച്ച്  ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും ഈ വഴികളിലൂടെ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി വിവരങ്ങൾ  ചോദിച്ചറിഞ്ഞും, അടുത്ത കാലങ്ങളിൽ പുറത്തറിഞ്ഞ മോഷണ സംഭവ സ്ഥലങ്ങളിലെ നാട്ടുകാരോട് രാത്രി സഞ്ചാരികളായവരെക്കുറിച്ച് ചോദിച്ചറിഞ്ഞും ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയും വിപുലമായ അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നടത്തിയത്.
വളരെ ഉറപ്പേറിയ വാതിലുകളും ഗ്രിൽ ഡോറുകളും കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് ഇയാൾ മോഷണം നടത്തിയത്. സ്ഥിരം മോഷ്ടാക്കളാകുമെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും  പുതിയ ഒരാൾ ആയിക്കൂട എന്ന ചിന്തയാണ് പണത്തിനായി മോഷണം തിരഞ്ഞെടുത്ത വിനോദിനെ ദിവസങ്ങൾക്കുള്ളിൽ  പിടികൂടാൻ അന്വേഷണ സംഘത്തിന് തുണയായത്. വ്യക്തമായ ഒരു തെളിവും ഇല്ലാതിരുന്ന കേസ്സിൽ ഏറെ ശ്രമകരമായാണ് പ്രതിയിലേക്കെത്തിയത്.  പ്രതിയേയും പെൺസുഹൃത്തിനേയും അന്വേഷണ സംഘം തന്ത്രപരമായി നിരീക്ഷിച്ചിരുന്നു.
കാട്ടൂർ മൂന്നും ഇരിങ്ങാലക്കുട നാലും, കൊടുങ്ങല്ലൂർ രണ്ടും മതിലകം, പറവൂർ ചേർപ്പ് ഭാഗങ്ങളിലെ ഓരോ കേസ്സുകളുമാണ് ഇതോടെ തെളിഞ്ഞത്.


ആശുപത്രിയിലുള്ള തൻ്റെ  പെൺസുഹൃത്തിന് രാത്രി ഭക്ഷണവും വാങ്ങി നടന്നു വരുന്നതിനിടെ  കള്ളനോടൊപ്പം പോലീസും നടന്നു. മോഷണം നടന്ന രാത്രിയിലെ അവ്യക്തമായ ദൃശ്യങ്ങളിൽ കണ്ടയാളുടെ ശാരീരികപ്രത്യേകതകൾ മനസ്സിലാക്കുകയായിരുന്നു പോലീസുദ്യോഗസ്ഥരുടെ ലക്ഷ്യം. സംശയത്തിനിടവരുത്താതെ വഴിയാത്രക്കാരെപ്പോലെ ഒപ്പം നടന്ന് ഇയാളുടെ ചേഷ്ടകൾ തിരിച്ചറിഞ്ഞതോടെ സൗഹൃദഭാവത്തിൽ മഫ്തിയിൽ പോലീസ് ഒരു കോൾ ചെയ്യാൻ മൊബൈൽ ഫോൺ ചോദിച്ചു. ഫോൺ നീട്ടിയ കൈകളിൽ വിലങ്ങു വീണ ശേഷം പത്തു മിനിറ്റ് കഴിഞ്ഞാണ് കള്ളത് സ്വപ്നമോ യാഥാർത്യമോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. പകൽ അതുവഴി പോയി വീടുകൾ മുൻ കുട്ടി കണ്ടു വയ്ക്കും. ഇയാൾ മോഷണം നടത്തിയ പല വീടുകളുടേയും ഉടമസ്ഥർ സ്ഥലത്തില്ലാത്തതിനാൽ പ്രതിയേയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് ഉടമസ്ഥർ സംഭവങ്ങൾ അറിയുന്നത്. ഇയാൾ മോഷണം നടത്തിയ വീടുകൾ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നതായും മോഷണ വിവരം പുറത്തറിയാത്ത കേസ്സുകളും ഉണ്ടെന്നാണ് അറിയുന്നത്.

+ There are no comments

Add yours