അത്തം ആശംസകൾപൊന്നിൻചിങ്ങത്തിന്റെ പൂവിളിയുമായി അത്തം പിറന്നു…

Estimated read time 1 min read

അത്തം ആശംസകൾ
പൊന്നിൻചിങ്ങത്തിന്റെ പൂവിളിയുമായി അത്തം പിറന്നു

കൊല്ലവർഷം 1201 ലെ കർക്കടകം ഞായറാഴ്ച അവസാനിക്കുന്നു. പൊന്നിൻചിങ്ങത്തിന്റെ പൂവിളിയുമായി അത്തം പിറക്കുന്നതും ഞായറാഴ്ചയാണ്. കർക്കടകാന്ത്യത്തിൽ അത്തം പിറക്കുകയെന്ന അപൂർവതയും ഇക്കുറിയുണ്ട്. 17-നാണ് ചിങ്ങപ്പിറവി. 25-ന് ഉത്രാടവും 26-ന് തിരുവോണവുമാണ്. പൊന്നിൻചിങ്ങത്തിലെ അത്തം പിറന്നതോടെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കമായി. വീടുകളിൽ ആദ്യത്തെ പൂക്കളം ഒരുക്കുന്ന ദിവസമാണിത്.ആഘോഷത്തിന്റെയും തിരക്കിന്റെയും ആനന്ദത്തിന്റെയും ഒഴുക്കിൽ നാടലിയുന്ന കാലം ആഗതമായി. കർക്കടകത്തിന്റെ അവസാന തീയതി ആചാരപ്രകാരം ജ്യേഷ്ഠയെ പുറംതള്ളുന്ന ദിനമെന്നാണ് വിശ്വാസം. മൂതേവിയെ പുറത്താക്കി ചിങ്ങത്തിൽ ശ്രീദേവിയെ വരവേൽക്കുകയെന്നതാണ് ഇതിനു പിന്നിൽ. ആടിപ്പെരുക്ക്, ആടികളയൽ എന്നീ തമിഴ് ആചാരത്തിലുള്ള രീതി കേരളത്തിലും പതിവുണ്ട്. വീടും കച്ചവടകേന്ദ്രങ്ങളും വൃത്തിയാക്കി അനാവശ്യവും പഴകിയതുമായ വസ്തുക്കൾ പുറന്തള്ളുന്നതാണ് ആടികളയൽ. വിപണിയിൽ ആടിക്കിഴിവ് എന്ന പേരിൽ വിലക്കുറവിലുള്ള വ്യാപാരരീതിയും ഇതിന്റെ ഭാഗമായാണ് അനുവർത്തിക്കുന്നത്.ആടി (കർക്കടകം) അവസാനിക്കുന്ന ദിവസം അത്തം പിറക്കുന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. ഇക്കുറി ചിങ്ങത്തിന് മുന്നേ അത്തമെത്തുമ്പോൾ അത്തം കഴിഞ്ഞ് 11-ാം നാൾ പൊന്നോണമായി മാറും. ഇക്കാര്യത്തിൽ വിശ്വാസികൾക്ക് സംശയം ബാക്കിനിൽക്കുന്നുണ്ട്. അത്തത്തിന് പിന്നാലെ വരുന്ന ചിങ്ങപ്പിറവി നാളിൽ പൂക്കളമൊരുക്കാൻ ആലോചിക്കുന്നവർ നിരവധിയുണ്ട്. 10 ദിവസമെന്ന കാലക്രമം അതിന് പ്രേരകമാകും. അപൂർവമായി എത്തിയ കർക്കടകത്തിലെ അത്തത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നവരുമുണ്ട്.നല്ലോണത്തിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നാടും നഗരവും ഏറ്റെടുത്തു തുടങ്ങി. തോവാളയിൽ നിന്നുള്ള പൂക്കളുടെ ഒഴുക്കാവും ഇനിയുള്ള നാളുകളിൽ. ഗ്രാമനഗരങ്ങളിലും വിവിധ ക്ലബ്ബുകളിലും വീട്ടുമുറ്റങ്ങളിലും പൂക്കളങ്ങൾ ഒരുങ്ങും. മാവേലി മന്നനെ വരവേൽക്കാൻ നാട് തയ്യാറെടുക്കുകയാണ്.

+ There are no comments

Add yours