ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളെ ആക്രമിച്ച് മോഷണം…. രണ്ട് മാസത്തിനിടെ 15 പവന്‍.

Estimated read time 1 min read

ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമുള്ള സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവര്‍ച്ച നടത്തുന്നയാൾ അറസ്റ്റിലായി. രണ്ടുമാസത്തിലേറെയായി പോലീസിന്റെ സ്വൈര്യം കെടുത്തിയിരുന്ന പ്രതി താനൂര്‍ സ്വദേശി മൂര്‍ക്കാടന്‍ പ്രദീപിനെ(45)യാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം.

ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വര്‍ണം കണ്ടെത്തി. മോഷ്ടിച്ചവ വില്‍ക്കാന്‍ സഹായിച്ച ബേപ്പൂര്‍ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്ച ഗുരുവായൂര്‍ തെക്കേനടയില്‍ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവര്‍ന്നു. അതേ ദിവസംതന്നെ പരിസരത്തെ വീടുകളില്‍ മോഷണത്തിന് ശ്രമിച്ചു. സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍വെച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

സെപ്റ്റംബര്‍ 13-ന് ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓച്ചിറ സ്വദേശിയുടെ രണ്ടരപ്പവന്‍ മാല, കൊല്ലം സ്വദേശിയുടെ ലോക്കറ്റുള്‍പ്പെടെ ഒന്നേമുക്കാല്‍ പവന്‍ മാല, അന്നുതന്നെ തിരുവെങ്കിടത്ത് ഒരു സ്ത്രീയുടെ രണ്ടുപവന്‍ മാല എന്നിവ കവര്‍ന്ന കേസിലെ പ്രതിയും ഇയാള്‍ത്തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നവംബര്‍ രണ്ടിന് ടെമ്പിള്‍ സ്റ്റേഷന്‍ റോഡിലുള്ള സന്തോഷ്‌കുമാറിന്റെ വീട്ടിലെ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു. ഗുരുവായൂര്‍ പ്രദേശത്തുതന്നെ വീടുകളുടെ ഓടുകള്‍ പൊളിച്ച് നടത്തിയ മോഷണശ്രമങ്ങളും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

കോഴിക്കോട്, ഫാറൂഖ്, കസബ, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ മോഷണക്കേസുകളുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഗുരുവായൂര്‍ കേന്ദ്രീകരിച്ചായിരുന്നു മോഷണം. മോഷ്ടിച്ച സ്വര്‍ണവുമായി രാമനാട്ടുകരയിലുള്ള വീട്ടിലേക്ക് പോകും. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പോലീസിന്റെ പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ഒത്തുനോക്കിയപ്പോള്‍ ഗുരുവായൂരിലെ മോഷണക്കേസുകളിലെ പ്രതിയാണെന്ന് ഉറപ്പാക്കാനായി. ഗുരുവായൂര്‍ എ.സി.പി. കെ.എം. ബിജു, സി.ഐ. ജി. അജയ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച റെയില്‍വേ സ്റ്റേഷനിലും മോഷണം നടന്ന സമീപപ്രദേശങ്ങളിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

+ There are no comments

Add yours