യുഡിഎഫ് സർക്കാർ നൂറു ദിനത്തിലേക്ക്…

Estimated read time 1 min read

യുഡിഎഫ് സർക്കാർ നൂറു ദിനത്തിലേക്ക്

സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികൾ പുരോഗമിക്കുമ്പോൾ വിവിധ വകുപ്പുകളിലായി ഒട്ടേറെ ജനക്ഷേമ പദ്ധതികൾ യാഥാർത്ഥ്യമാക്കാനും ഒപ്പം നിർണായക രാഷ്ട്രീയ വിവാദങ്ങളെ വിജയകരമായി പ്രതിരോധിക്കാനും സർക്കാരിനായി എന്ന് വിലയിരുത്തൽ.

വലിയ പ്രതിസന്ധികളില്ലാതെ ഓണക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും, കടമെടുത്താണെങ്കിലും മിക്ക മേഖലകളിലെയും ബോണസും ഉത്സവബത്തയും സമയബന്ധിതമായി വിതരണം ചെയ്യാനും സാധിച്ചത് സർക്കാരിന് നേട്ടമായി. മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച 541 കർമ്മപദ്ധതികളിൽ എൺപതോളെണ്ണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനമായ പ്രിയദർശിനി പദ്ധതിയിലൂടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കാനും, രാത്രികാല യാത്ര സുരക്ഷിതമാക്കാൻ പിങ്ക് ബസ് സർവീസ് ആരംഭിക്കാനും കഴിഞ്ഞത് തുടക്കത്തിലെ വലിയൊരു ചുവടുവെപ്പായി. ലഹരിമാഫിയകൾക്കെതിരെ കേരള പോലീസ് നടപ്പാക്കുന്ന ജനകീയ പ്രതിരോധത്തിലൂടെ പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചതും സിന്തറ്റിക് ഡ്രഗ്സിന്റെ വ്യാപനം തടയുന്നതിൽ നിർണായക പങ്കുവഹിച്ചു. ഒപ്പം, പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കാനുള്ള മന്ത്രിസഭാ തീരുമാനവും ഏറെക്കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനുള്ള മറുപടിയായി മാറി. മുൻഗണനാ വിഭാഗത്തിന് ലക്ഷ്യമിട്ടതിലും അധികമായി 73,024 റേഷൻ കാർഡുകൾ വിതരണം ചെയ്യാനും, വായ്പാ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്കായി പലിശയിളവുകളോടെയുള്ള ‘ആശ്വാസം’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാനും സർക്കാരിന് സാധിച്ചു. പോലീസ് സ്റ്റേഷനുകളുടെ ചുമതലകൾ പുനഃക്രമീകരിച്ചും, സ്റ്റേഷൻ വളപ്പുകളിലെ കട്ടപ്പുറത്തുകിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്തും ആഭ്യന്തര വകുപ്പിലും മാറ്റങ്ങൾ കൊണ്ടുവന്നു. മുൻകാലങ്ങളിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റ സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത് രാഷ്ട്രീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ആദിവാസി-തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കായുള്ള ഏകാധ്യാപക വിദ്യാലയങ്ങളുടെ നവീകരണവും, സപ്ലൈകോയുടെ നേതൃത്വത്തിൽ മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളാക്കി ഉയർത്തിയതും സാധാരണക്കാർക്ക് ആശ്വാസമായി. ഇലക്ട്രിക് വാഹനങ്ങളുടെയും ടൂറിസ്റ്റ് ബസുകളുടെയും നികുതി കുറച്ചതിനൊപ്പം ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചക തൊഴിലാളികൾ തുടങ്ങിയവരുടെ വേതനവും സർക്കാർ വർധിപ്പിച്ചു.

നൂറാം ദിവസത്തിലേക്ക് കടക്കുന്ന യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതര വിവാദം മുതൽ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ സഞ്ചാരം വരെയുള്ള വിഷയങ്ങളും അഡ്വക്കറ്റ് ജനറലിന്റെയും പ്രോസിക്യൂട്ടർമാരുടെയും നിയമനങ്ങളിലെ പാളിച്ചകളും കാരണം ഒരേസമയം നേട്ടങ്ങളും ഒപ്പം വലിയ രാഷ്ട്രീയ വിവാദങ്ങളും നേരിടുകയാണ്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനം മൂന്നു മാസത്തിനുശേഷമാണ് പൂർത്തിയായത്. ബോർഡ്-കോർപറേഷൻ അധ്യക്ഷൻമാരുടെ നിയമനം നടക്കാത്തത് മുന്നണിയിൽ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സണ്ണി ജോസഫ് മന്ത്രിസഭാംഗമായതിനെ തുടർന്ന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതും പ്രതിസന്ധിഘടങ്ങളിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ പാർട്ടി അധ്യക്ഷൻ ഇല്ലാത്ത അവസ്ഥയും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നൂറിലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിട്ടും സുപ്രധാന സ്ഥാനങ്ങളിൽ ഇടത് ആഭിമുഖ്യമുള്ളവർ തുടരുന്നതിൽ കോൺഗ്രസിലും ഘടകകക്ഷികളിലും അതൃപ്തിയുണ്ട്. വിവാദങ്ങളിൽ ചിലതിൽ സർക്കാർ യു-ടേൺ അടിക്കുമ്പോൾ മറ്റു ചിലതിൽ ഉറച്ചുനിൽക്കുകയാണ്. അഡ്വക്കറ്റ് ജനറലായി ജെയ്ജി ബാബുവിനെ നിയമിച്ചതിനെതിരെയും, ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളുടെ കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലീഡറായി നിയമിച്ചതിനെതിരെയും ഉയർന്ന വിമർശനങ്ങളിൽ ഒടുവിൽ അദ്ദേഹത്തെ ഒഴിവാക്കിയാണ് സർക്കാർ മുഖം രക്ഷിച്ചത്.

+ There are no comments

Add yours