കല്‍പ്പറ്റ: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വയനാട്ടില്‍ സ്വകാര്യ ബസുകളുടെ ഏകദിന സൂചനാ പണിമുടക്ക് ആരംഭിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബസുടമകൾ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചു. ജൂണ്‍ ഒന്നിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 1 മുതല്‍ ജില്ലയിൽ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് ബസുടമകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലയിലെ 280 സ്വകാര്യ ബസുകള്‍ ഇതിനകം ‘ജി ഫോം’ നല്‍കിക്കഴിഞ്ഞു.
പ്രിയദര്‍ശിനി പദ്ധതി വന്നതോടെ ഒരു ബസിന് പ്രതിദിനം 3000 രൂപ മുതല്‍ 4000 രൂപ വരെ വരുമാനത്തില്‍ കുറവുണ്ടാകുന്നുവെന്നാണ് വയനാട്ടിലെയും കോഴിക്കോട്ടെയും ബസുടമകള്‍ പറയുന്നത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചതോടെ, അവരോടൊപ്പമുള്ള പുരുഷന്മാരും കെഎസ്ആര്‍ടിസി ബസുകളെത്തന്നെ ആശ്രയിക്കാന്‍ തുടങ്ങിയത് സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറച്ചു. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഏഴോളം ബസ് റൂട്ടുകളില്‍ ഇപ്പോള്‍ സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസുകളില്‍ കയറുന്നതേയില്ല. ഈ റൂട്ടുകളിലെല്ലാം യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പ്രതിദിന തുക വെറും 115 രൂപ മാത്രമാണെന്നും, ഇത് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ലെന്നും ബസുടമകള്‍ പരാതിപ്പെടുന്നു.







+ There are no comments
Add yours