തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് ഒരുങ്ങുമ്പോഴും കോര്‍പ്പറേഷന്‍ ഭരണത്തില്‍ പ്രതിസന്ധിയുണ്ടാകില്ലെന്ന ആത്മവിശ്വാസത്തില്‍ ബിജെപി.
അവിശ്വാസം പാസാക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷമില്ലാതെ പ്രതിപക്ഷം ആശയക്കുഴപ്പത്തിലായതാണ് ഭരണസമിതിക്ക് തുണയാകുന്നത്. വോട്ടിങ് ഘട്ടത്തില്‍ ഇരുപക്ഷവും 50-50 എന്ന നിലയില്‍ തുല്യതയിലെത്തിയാല്‍ പ്രമേയം അസാധുവാകുമെന്ന സാങ്കേതിക വശം ബിജെപിക്ക് വന്‍ ആശ്വാസമേകുന്നുണ്ട്.
നഗരസഭാ കൗണ്‍സിലിലെ ആകെ 101 അംഗങ്ങളില്‍ അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ 51 പേരുടെ പിന്തുണ അത്യാവശ്യമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒറ്റയ്‌ക്കോ സംയുക്തമായോ ഈ മാന്ത്രികസംഖ്യ തികയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെ അവിശ്വാസ നാടകം ആര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് യുഡിഎഫും എല്‍ഡിഎഫും.
കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഇരുപതും എല്‍ഡിഎഫിന് 29 അംഗങ്ങളുമാണുള്ളത്. ഇവര്‍ ഒന്നിച്ചുനിന്നാല്‍ പോലും അംഗബലം 49 മാത്രമേ ആകുകയുള്ളൂ. കോണ്‍ഗ്രസ് വിമതനായ സുധീഷ് കുമാറിന്റെ പിന്തുണ കൂടി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പ്രതിപക്ഷ നിരയുടെ വോട്ട് വിഹിതം 50 ലേക്ക് എത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ ഇത്രയും പേര്‍ ഒന്നിച്ച് വോട്ട് രേഖപ്പെടുത്തിയാല്‍ പോലും ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ അത് മതിയാകില്ല.
മറുഭാഗത്ത്, കാപ്പ കേസില്‍ പ്രതിയായി ബിജെപി കൗണ്‍സിലര്‍ സുഗതന്‍ ജയിലില്‍ കഴിയുന്നതിനാല്‍ ഭരണപക്ഷ നിരയില്‍ ഒരംഗത്തിന്റെ കുറവുണ്ടാകും. എങ്കിലും സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. സുഗതന്റെ അസാന്നിധ്യത്തിലും പാറ്റൂര്‍ രാധാകൃഷ്ണന്റെ പിന്തുണയോടെ 50 പേരുടെ കൃത്യമായ വോട്ട് ഉറപ്പാക്കാന്‍ ബിജെപിക്ക് സാധിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ അവിശ്വാസപ്രമേയം വോട്ടിനിട്ടാല്‍ ഇരുപക്ഷത്തിന്റെയും അംഗബലത്തില്‍ 50-50 എന്ന വോട്ടുനിലയാകും വരിക. നിയമപ്രകാരം വോട്ടുകള്‍ തുല്യനിലയില്‍ വന്നാല്‍ അവിശ്വാസപ്രമേയം തള്ളപ്പെടുകയും അസാധുവാകുകയും ചെയ്യും. അതിനാല്‍ പ്രമേയം അവതരിപ്പിച്ച് വോട്ടിനിട്ടാല്‍ പോലും ഭരണസമിതിക്ക് യാതൊരുവിധ വെല്ലുവിളിയോ ഭീഷണിയോ ഉണ്ടാകില്ലെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.
മുനിസിപ്പല്‍ നിയമപ്രകാരം ഒരു അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ അടുത്ത ആറുമാസത്തേക്ക് വീണ്ടുമൊരു അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് നിയമപരമായ അവകാശമില്ല. അതുകൊണ്ടുതന്നെ, കൃത്യമായ ഭൂരിപക്ഷമില്ലാതെ ധൃതിപിടിച്ച് അവിശ്വാസം കൊണ്ടുവന്ന് പരാജയപ്പെട്ടാല്‍ അടുത്ത ആറുമാസത്തേക്ക് ബിജെപി ഭരണസമിതിക്ക് പൂര്‍ണ്ണ സുരക്ഷിതത്വം ലഭിക്കുമെന്നതാണ് കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ അലട്ടുന്ന ഘടകം.
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ ആകെ അംഗസംഖ്യയുടെ മൂന്നിലൊന്നുപേരുടെ അതായത് 34 അംഗങ്ങളുടെ ഒപ്പ് വേണം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഇതിനുള്ള അംഗങ്ങളില്ലാത്തതിനാല്‍ എല്‍ഡിഎഫിന്റെ പിന്തുണയോടെ മാത്രമേ നോട്ടീസ് നല്‍കാന്‍ പോലും സാധിക്കൂ. പ്രമേയം പരിഗണിക്കുമ്പോള്‍ കൗണ്‍സിലിന്റെ ക്വാറം തികയാന്‍ ആകെ അംഗസംഖ്യയുടെ മൂന്നില്‍ രണ്ടുപേര്‍ അതായത് 68 കൗണ്‍സിലര്‍മാര്‍ ഹാജരായിരിക്കണമെന്നാണ് വ്യവസ്ഥ.









+ There are no comments
Add yours