കൊടുങ്ങല്ലൂർ കാവുതീണ്ടലിനിടെ അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിനുമായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത രണ്ട് കേസുകളിലായി നാല് പ്രതികൾ പിടിയിൽ
കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ് പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ് മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് അശ്വതി കാവുതീണ്ടൽ ദിവസത്തെ തിരക്കിനിടയിൽ അനുമതിയില്ലാടെ ഡോക്യുമെന്ററി ചിത്രീകരിച്ചതിന് എടുത്ത കേസ്സിൽ ഡോക്യുമെന്ററിയുടെ സംവിധായകനായ തിരുവന്തപുരം നെടുമങ്ങാട് ആനാട് വില്ലേജ് വെമ്പ് സ്വദേശി സജിൻ ബാബു (40), പോലീസ് ഓഫീസറുടെ വേഷമിട്ട വയനാട് മാനന്തവാടി വില്ലേജ് അമ്പൂത്തി സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ ജിജോ (39), കോമരത്തിന്റ വേഷമിട്ട പാലക്കാട് നാഗലശ്ശേരി വില്ലേജ് പെരിങ്ങോട് സ്വദേശി വിളക്ക് തറ വീട്ടിൽ ശരത് കുമാർ (27) എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. 2026-ലെ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ഡോക്യുമെന്ററി ചിത്രീകരണത്തിന് സജിൻ ബാബു അനുമതി തേടിയിരുന്നെങ്കിലും, കോടതി ഉത്തരവ് നിലവിലുള്ളതിനാൽ ദേവസ്വം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചാണ് ഇയാൾ ചിത്രീകരണം നടത്തിയത്.അതീവ പ്രാധാന്യമുള്ള ക്ഷേത്രാചാരങ്ങൾ നടക്കുമ്പോൾ, ദേവസ്വത്തിന്റെ അനുമതിയില്ലാതെയും ഭക്തരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലും ചിത്രീകരിച്ച ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ, ഡോക്യുമെന്ററിക്കായി ബോധപൂർവ്വം ചിത്രീകരിച്ച ഒരു സിനിമാറ്റിക് രംഗമാണ് എന്ന് അറിഞ്ഞിട്ടും, ആയത് മറച്ച് വെച്ച് "എസ്.ഐ റാങ്കിലുള്ള പോലീസ് വേഷം ധരിച്ച വ്യക്തിയും കോമരവും തമ്മിൽ സംഘർഷം നടക്കുന്നു" എന്ന തരത്തിൽ 'റീൽസ്' ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സാമൂഹിക സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിന് *കോഴിക്കോട് കടലുണ്ടി ചാലിയം സ്വദേശി ചാന്ദിനി വീട്ടിൽ ഷൈജു (51)* എന്നയാളെയുമാണ് പിടികൂടിയത്. നാല് പ്രതികൾക്കും നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.
ഈ വീഡിയോകൾ ഷെയർ ചെയ്തവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കും. രണ്ടു കേസ്സുകളിലും കൂടുതൽ അന്വേഷണം നടന്ന് വരികയാണ്. ഇത്തരം വ്യാജ വീഡിയോകൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ജാതി-മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതോ, വ്യക്തിഹത്യ നടത്തുന്നതോ ആയ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ തൃശ്ശൂർ റൂറൽ പോലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുമുണ്ട്.കൊടുങ്ങല്ലൂർ ഡി വൈ എസ് പി പ്രമോദ് പി, കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബിജോയ് പി, ജി എ എസ് ഐ ഉമേഷ് കെ വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.






+ There are no comments
Add yours