കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. നമ്പിക്കൊല്ലി സ്വദേശി നാരായണൻ, ഭാര്യ സിജി, മകൻ അഭി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കെഎസ്ആർടിസിയുടെ അതിവേഗ സർവീസായ ‘മിന്നൽ’ ബസ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാരായണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സിജിയെയും മകൻ അഭിയെയും ഉടൻ തന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. വയനാട് ചുരം കയറിവന്ന മിന്നൽ ബസാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സവുമുണ്ടായി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.







+ There are no comments
Add yours