വനിതാ പോലീസിന്റെ വ്യാജ പ്രൊഫൈൽ കെണി വിവാഹ വാഗ-്‌ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ

Estimated read time 1 min read

വനിതാ പോലീസിന്റെ വ്യാജ പ്രൊഫൈൽ കെണി വിവാഹ വാഗ-്‌ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ

ചെങ്ങന്നൂർ സ്വദേശിനിയായ മധ്യവയസ്കയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ തൃശൂർ ചാവക്കാട് സ്വദേശി പി.കെ. സലീം (48) പിടിയിലായി. വിദേശത്തുനിന്നും നാട്ടിലെത്തിയ പ്രതിയെ ചെങ്ങന്നൂർ പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ തന്ത്രപരമായ നീക്കത്തിലൂടെയാണ് കുടുക്കിയത്. സ്ത്രീസമ്പർക്കത്തിന് താല്പര്യമുള്ള പ്രതിയെ വലയിലാക്കാൻ വനിതാ പൊലീസുകാർ വ്യാജപ്പേരിൽ ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഈ കെണിയിൽ വീണ പ്രതിയെ പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു.

2020 ൽ സമൂഹമാധ്യമത്തിൽ നൽകിയ വിവാഹപ്പരസ്യത്തിൽ നിന്ന് ഫോൺ നമ്പർ ശേഖരിച്ചാണ് പ്രതി പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്. താൻ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടുമൂന്ന് വർഷത്തോളം ഇയാൾ ഫോണിലൂടെ ബന്ധം തുടർന്നു. 2024 മാർച്ചിൽ നാട്ടിലെത്തിയ സലീം പരാതിക്കാരിയുടെ വീട്ടിലെത്തുകയും അടുത്ത ദിവസങ്ങളിൽ തന്നെ വിവാഹം ഉറപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് നിർബന്ധപൂർവ്വം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

പിന്നീട് പ്രതി ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ കണ്ടതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാരി അറിയുന്നത്. സമാനമായ രീതിയിൽ പ്രതി നിരവധി സ്ത്രീകളെ വഞ്ചിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സ്ത്രീസമ്പർക്കത്തിൽ തൽപരനായ പ്രതിയെ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാർ മറ്റ് പേരുകളിൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് തന്ത്രപരമായി വലയിലാക്കിയത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ എസ് എച്ച് ഒ രെഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ സജികുമാർ, എഎസ്ഐ മാരായ ഹരികുമാർ, അജിത് കുമാർ, സീനിയർ സി പി ഒ മാരായ ശ്യാം കുമാർ, അനി, സി പി ഒ മാരായ രജനി, വിബിൻ കെ ദാസ്, ബിജോഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.

+ There are no comments

Add yours