യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമായി…

Estimated read time 0 min read

യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമായി

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് കാർഡ് വിതരണം ആരംഭിച്ചത്. വീടുകള്‍ സന്ദർശിച്ച്‌ കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കള്‍, യുഡിഎഫ് അധികാരത്തില്‍ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന ഉറപ്പാണ് നല്‍കുന്നത്. ആലുവ മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് കെ സി വേണുഗോപാല്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനും മറ്റ് പ്രവർത്തകർക്കൊപ്പം കാഞ്ഞൂർ എസ്.എൻ.ഡി.പി ജംഗ്ഷനിലെ വീടുകളില്‍ അദ്ദേഹം സന്ദർശനം നടത്തി. ഗ്യാരണ്ടി കാർഡുകള്‍ നേരിട്ട് കൈമാറിയ നേതാക്കള്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ വീട്ടുകാർക്ക് വിശദീകരിച്ചു നല്‍കി.

പ്രധാന വാഗ്ദാനങ്ങള്‍

ഉമ്മൻചാണ്ടി ആരോഗ്യ പദ്ധതി: ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.

സൗജന്യ യാത്ര: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര.

വിദ്യാർത്ഥിനികള്‍ക്ക് കൈത്താങ്ങ്: കോളേജ് വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ സഹായം.

ക്ഷേമ പെൻഷൻ: സാമൂഹിക സുരക്ഷാ പെൻഷനുകള്‍ 3,000 രൂപയായി വർദ്ധിപ്പിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ജനസമ്പർക്ക പരിപാടികള്‍ക്ക് നേതാക്കള്‍ നേതൃത്വം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വിജയകരമായ മാതൃകകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതികളെന്ന് നേതാക്കള്‍ വോട്ടർമാരോട് വ്യക്തമാക്കി.

+ There are no comments

Add yours