ശൈലി മാറ്റം പ്രഖ്യാപിച്ച് വിഡി സതീശന്‍, പൊലീസിന് സുപ്രധാന നിർദേശം; ‘യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ട, പൈലറ്റും എസ്കോർറ്റും മാത്രം’

Estimated read time 0 min read

തിരുവനന്തപുരം: വിഐപി സുരക്ഷയുടെ പേരിൽ ജനങ്ങൾ വഴിയാധാരമാകുന്ന രീതിക്ക് അന്ത്യം കുറിക്കാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കിടയിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകൾ തടയരുതെന്നും അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഒഴികെയുള്ള അധിക സുരക്ഷാ വ്യൂഹം ഒഴിവാക്കാനാണ് സതീശന്റെ തീരുമാനം.

എസ്കോർട്ട് വാഹനങ്ങൾ പൂർണ്ണമായും വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെങ്കിലും സുരക്ഷാ കാരണങ്ങളാൽ പോലീസ് അത് അംഗീകരിച്ചില്ല. എങ്കിലും മിനിമം സുരക്ഷാ വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം ഉറപ്പാക്കി. മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് ട്രാഫിക് സിഗ്നലുകൾ ഓഫാക്കുന്ന രീതി ഇനി ഉണ്ടാകില്ല. മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്ത് ജനങ്ങളെ വലയ്ക്കുന്ന പതിവ് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി.ഡി. സതീശനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ അദ്ദേഹം കൈമാറിയത്.

+ There are no comments

Add yours