ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഉടമ്പടിയില്ലാതെ അവസാനിച്ചെങ്കിലും ഏപ്രിൽ 21 വരെ മേഖലയിൽ വെടിനിർത്തൽ തുടരുമെന്ന് റിപ്പോർട്ടുകൾ…

Estimated read time 1 min read

ഇസ്ലാമാബാദ്: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഉടമ്പടിയില്ലാതെ അവസാനിച്ചെങ്കിലും ഏപ്രിൽ 21 വരെ മേഖലയിൽ വെടിനിർത്തൽ തുടരുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 21 വരെ യുഎസും ഇറാനും യുദ്ധത്തിലേർപ്പെടില്ലെന്ന് പാകിസ്താൻ വ്യക്തമാക്കുന്നു. ”ചർച്ച നടത്തിയ കക്ഷികൾക്കിടയിൽ അനൗദ്യോഗികമായ ഒരു കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന 15 ദിവസത്തെ വെടിനിർത്തൽ ഏപ്രിൽ 21 വരെ തുടരും, ഈ കാലയളവിൽ ഒരു ലംഘനവും ഉണ്ടാകില്ല”, പാകിസ്താൻ സർക്കാരിന്റെ ഉന്നത വൃത്തങ്ങൾ പറഞ്ഞു.

ഇസ്ലാമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ 21 മണിക്കൂർ നീണ്ട ചർച്ചകൾ നടന്നെങ്കിലും ആണവായുധ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കം കാരണം കരാറിൽ എത്തിയിരുന്നില്ല. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്ന യുഎസ് ആവശ്യവും ഉപരോധങ്ങൾ നീക്കണമെന്ന ഇറാന്റെ ആവശ്യവുമാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. ഉപരോധങ്ങൾ നീക്കണമെന്ന് ഇറാന് നിർബന്ധമുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണത്തിൽ ഇരുരാജ്യങ്ങളും ഇപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.

സൗദി അറേബ്യയിൽ തങ്ങളുടെ സൈന്യത്തെ വിന്യസിച്ചുകൊണ്ട് പാകിസ്താൻ ഇറാനു മേൽ ശക്തമായ സൈനിക സമ്മർദം ചെലുത്തുന്നുണ്ട്. ഏപ്രിൽ 21-നുള്ളിൽ സമാധാന നിർദേശത്തോട് ഇറാൻ പ്രതികരിച്ചില്ലെങ്കിൽ പാകിസ്താൻ സൈനികമായി ഇടപെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താന്റെയും സൗദി അറേബ്യയുടെയും സൈനിക സമ്മർദവും നയതന്ത്ര നീക്കങ്ങളും ഇറാനെ പിന്തിരിപ്പിച്ചു നിർത്താൻ നിലവിൽ സഹായിക്കുന്നുണ്ട്. എങ്കിലും, നിശ്ചിത സമയപരിധിക്കുള്ളിൽ അമേരിക്കയുടെ സമാധാന നിർദേശങ്ങളോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഈ മേഖലയിലെ സമാധാനാന്തരീക്ഷത്തിന്റെ ഭാവി.

+ There are no comments

Add yours