ജിയോയെയും എയർടെല്ലിനെയും പിന്തള്ളി ബിഎസ്എൻഎൽ… ഇന്‍റർനെറ്റ് സേവന ഗുണമേന്മയിൽ ഒന്നാമത്…

Estimated read time 1 min read

ന്യൂഡൽഹി: ഇന്ത്യൻ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഫിക്സഡ്-ലൈൻ ഇന്‍റർനെറ്റ് സേവനങ്ങളിൽ ബിഎസ്എൻഎൽ ഒന്നാം സ്ഥാനത്തെത്തി. ഫ്രഞ്ച് നെറ്റ്‌വർക്ക് പരിശോധനാ ഏജൻസിയായ എൻപെർഫ് പുറത്തുവിട്ട 2025–26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിലാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളെ പിന്നിലാക്കി ഈ നേട്ടം കൈവരിച്ചതായി വ്യക്തമാക്കുന്നത്.ആകെ 89,174 എൻപോയിന്‍റ്സ് (nPoints) കരസ്ഥമാക്കിയാണ് ബിഎസ്എൻഎൽ പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തായിരുന്ന കമ്പനി സേവന നിലവാരം മെച്ചപ്പെടുത്തിയാണ് ഈ കുതിച്ചുചാട്ടം നടത്തിയത്. കരുത്തരായ ഭാരതി എയർടെൽ (74,975 പോയിന്‍റ്), റിലയൻസ് ജിയോ (73,957 പോയിന്‍റ്) എന്നിവ യഥാക്രമം രണ്ടും മൂന്നുംസ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. വിപണി വിഹിതത്തിൽ (Market Share) ഇപ്പോഴും മൂന്നാം സ്ഥാനത്താണെങ്കിലും, യഥാർഥ ഉപയോക്തൃ അനുഭവത്തിന്റെ (User Experience) അടിസ്ഥാനത്തിലുള്ള സേവന ഗുണമേന്മയിൽ ബിഎസ്എൻഎൽ ബഹുദൂരം മുന്നിലെത്തി. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഇന്‍റർനെറ്റ് വേഗത, കണക്ഷൻ സ്റ്റെബിലിറ്റി തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് എൻപെർഫ് ഈ ഫിക്സഡ്-ലൈൻ ബാരോമീറ്റർ തയ്യാറാക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവന നിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടി നൽകുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ ഉജ്ജ്വല നേട്ടം.

+ There are no comments

Add yours